ന്യൂഡൽഹി∙ ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട് ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിൽ സംഘർഷം. ഇടതുവിദ്യാർഥി സംഘടനയുടെ മൂന്ന് നേതാക്കളെ പൊലീസ് തടഞ്ഞുവച്ചു. ക്ലാസുകൾ നിർത്തിവച്ചു.
സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ്. കോളജ് ഗെയിറ്റിന് സമീപത്തായി കണ്ണീർ വാതകം ഉൾപ്പെടെ പ്രയോഗിക്കാനുള്ള പൊലീസ് വാഹനങ്ങൾ തമ്പടിച്ചു. എസ്എഫ്ഐയാണ് ക്യാംപസിൽ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ക്യാംപസിൽ അനധികൃതമായി യാതൊരു കൂടിച്ചേരലുകളും അനുവദിക്കില്ലെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.
ഇന്നലെ വൈകുന്നേരം ജെഎൻയുവിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിനെത്തുടർന്നു സംഘർഷമുണ്ടായി. സ്റ്റുഡന്റ്സ് യൂണിയൻ ഓഫിസിലെ ഇന്റർനെറ്റും വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടു. തുടർന്ന് ഫോണിലും ലാപ്ടോപ്പിലുമായി നൂറുകണക്കിനു വിദ്യാർഥികൾ ഡോക്യുമെന്ററി കാണുകയായിരുന്നു. പിന്നാലെ പ്രതിഷേധ മാർച്ചും നടത്തി. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിലൂടെ ക്യാംപസിലെ സമാധാനാന്തരീക്ഷം തകരാൻ സാധ്യതയുള്ളതിനാൽ സംഘാടകർക്കെതിരെ നടപടിയെടുക്കുമെന്ന് സർവകലാശാല അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
2002ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരുന്നപ്പോൾ ഗുജറാത്തിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് ബിബിസി ഡോക്യുമെന്ററി പുറത്തിറക്കിയത്. സമൂഹ മാധ്യമങ്ങളിൽനിന്ന് ഡോക്യുമെന്ററി നീക്കം ചെയ്യാൻ സർക്കാർ ഉത്തരവിട്ടതിനെത്തുടർന്നാണ് വിവാദമായത്.