പുനെ: മഹാരാഷ്ട്രയിലെ പുനെയിൽ കുടുംബത്തിലെ ഏഴ് പേർ നദിയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കൂട്ട ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ ആദ്യനിഗമനം. എന്നാൽ, ആത്മഹത്യയല്ല, കുടുംബത്തിലെ ഏഴ് പേരെയും കൊലപ്പെടുത്തിയ നദിയിലെറിഞ്ഞതാണെന്ന് പൊലീസ് കണ്ടെത്തി. ബീഡ് ജില്ലയിലെ ഖംഗാവ് സ്വദേശികളായ മോഹൻ ഉത്തം പവാർ (50), ഭാര്യ സംഗീത (40), മരുമകൻ ഷാംറാവു പണ്ഡിറ്റ് ഫുലാവെയർ (28), മകൾ റാണി ഫുലാവെയർ (24), മക്കൾ റിതേഷ് ( 7), ചോട്ടു (5), കൃഷ്ണ (3) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരങ്ങളായ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. അഹമ്മദ്‌നഗർ ജില്ലയിലെ നിഘോജ് സ്വദേശികളായ അശോക് കല്യാൺ പവാർ (39), ശ്യാം കല്യാൺ പവാർ (35), ശങ്കർ കല്യാണ് പവാർ (37), പ്രകാശ് കല്യാണ് പവാർ (24), കാന്താഭായ് സർജെറാവു ജാദവ് (45) എന്നിവരാണ് അറസ്റ്റിലായത്.
പുനെ ജില്ലയിലെ പാർഗാവ് ജില്ലയിൽ ഭീമ നദിയിലാണ് ജനുവരി 18നും 24നും ഇടയിൽ ഒരു കുടുംബത്തിലെ ഏഴ് പേരെ മരിച്ച നിലയിൽ കാണുന്നത്. ആദ്യം കൂട്ട ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാൽ അന്വേഷണത്തിൽ അറസ്റ്റിലായ ഒരാളുടെ പ്രതികാരമാണ് കൊടും ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് തെളിഞ്ഞു. അറസ്റ്റിലായ ഒരാളുടെ മകൻ കുറച്ച് മാസം മുമ്പ് അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. നടന്നത് അപകടമല്ലെന്നും കൊലപാതകമാണെന്നും ഇയാൾ കരുതി. തന്റെ ബന്ധുവായ ആളാണ് കൊലപാതകത്തിന് പിന്നിലെന്നും ഇയാൾ ചിന്തിച്ചു. തുടർന്നാണ് സഹോദരങ്ങളുമായി ചേർന്ന് കുടുംബത്തെ കൂട്ടത്തോടെ ഇല്ലാതാക്കാൻ തീരുമാനിച്ചത്.
ജനുവരി 18ന് ഇവരുടെ വീട്ടിലെത്തിയ പ്രതികൾ 50കാരനായ കുടുംബനാഥനെയും അദ്ദേഹത്തിന്റെ ഭാര്യ, മകൾ, മരുമകൻ. മൂന്ന് പേരക്കുട്ടികൾ എന്നിവരെ ഭീമ നദിയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. ജനുവരി 18നാണ് ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് 20,22 തീയതികളിൽ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ചൊവ്വാഴ്ച നടത്തിയ തിരച്ചിലിൽ പൂനെ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റി സംഘം മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ നദിയിൽനിന്ന് കണ്ടെടുത്തു.
മരിച്ച സ്ത്രീകളിൽ ഒരാളിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോണാണ് കേസിന് തുമ്പുണ്ടാക്കിയത്. പ്രധാന പ്രതി അശോക് പവാറിന്റെ മകൻ ധനഞ്ജയ് ഏതാനും മാസങ്ങൾക്ക് മുമ്പ് വാഗോളിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. മോഹനനും മകൻ അനിലും ധനഞ്ജയിന്റെ മരണത്തിന് ഉത്തരവാദികളാണെന്ന് അശോകും കുടുംബവും സംശയിക്കുകയും പ്രതികാരത്തിന് മോഹനെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിൽ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. പ്രതികൾ എങ്ങനെയാണ് കൊല നടത്തിയതെന്ന് പൊലീസ് അന്വേഷിക്കുന്നു.