ചൈനയുമായി അതിർത്തിത്തർക്കം നിലനിൽക്കുന്നതിനിടെ കിഴക്കൻ ലഡാക്കിലുള്ള 65 പട്രോളിങ് പോയിന്റുകളിൽ 26 എണ്ണത്തിന്റെ നിയന്ത്രണം ഇന്ത്യക്കു നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ. ദേശീയ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. പട്രോളിങ് പോയന്റുകളുടെ നിയന്ത്രണം നഷ്ടമായത് അതീവ ഗൗരവമുള്ള വിഷയമാണെന്ന് ഉന്നത ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി 3,500 കിലോമീറ്ററാണ്. കാരക്കോറം പാസ് മുതൽ ചുമുർ വരെ നിലവിൽ 65 പട്രോളിങ് സ്റ്റേഷനുകളാണുള്ളത്.
ഇതിൽ 5–17, 24–32, 37 എന്നീ പോയന്റുകളാണു പട്രോളിങ് മുടങ്ങിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായതെന്ന് ലേയിലെ എസ്.പി പി.ഡി നിത്യ പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ച ഡൽഹിയിൽ നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ വിവരങ്ങളാണു പുറത്തു വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു.
പട്രോളിങിന് പോകാത്ത പോയിന്റുകളിൽ ഇന്ത്യക്കാരെ കാണാത്ത സ്ഥലങ്ങളിലേക്ക് ചൈനീസ് സൈന്യം എത്തിയെന്നും റിപ്പോർട്ട് പറയുന്നു. ബഫർസോണിൽ പോലും ഇന്ത്യൻ പട്രോളിങ് ചൈന എതിർക്കുന്നുണ്ടെന്നും അത് അവരുടെ സ്ഥലമാണെന്ന് അവകാശപ്പെടുന്നതിനൊപ്പം ഇന്ത്യയുടെ പിൻവാങ്ങൽ ഉറപ്പാക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്.