ന്യൂഡൽഹി: മാധ്യമപ്രവർത്തക റാണ അയ്യൂബിനെതിരെ ഗാസിയാബാദ് പ്രത്യേക കോടതി ജനുവരി 27ന് പരിഗണിക്കാനിരുന്ന ഇ.ഡി കേസ് തൽക്കാലം മാറ്റിവെക്കാൻ സുപ്രീംകോടതി നിർദേശം.
കോടതിയുടെ സമൻസിനെതിരെ സമർപ്പിച്ച ഹരജി സുപ്രീംകോടതി 31ന് പരിഗണിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേസ് മാറ്റിവെക്കാൻ നിർദേശിച്ചത്. റാണ അയ്യൂബിന്റെ ജീവന് ഭീഷണിയുണ്ടെന്ന് അവരുടെ അഭിഭാഷക വൃന്ദ ഗ്രോവർ സുപ്രീംകോടതിയെ അറിയിച്ചു.മുംബൈയിൽ രജിസ്റ്റർ ചെയ്ത കേസ് ഗാസിയാബാദ് കോടതിയുടെ പരിധിയിൽപെടാത്തതുകൊണ്ടാണ് സമൻസിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതെന്ന് വൃന്ദ ഗ്രോവർ ബോധിപ്പിച്ചു.
‘ഒരാഴ്ച റാണയെ ഗാസിയാബാദ് ജയിലിലേക്ക് വിടൂ, തങ്ങൾ നോക്കിക്കോളാം’ എന്ന് ഹിന്ദു ഐ.ടി സെൽ ഭീഷണിയും അവർ കോടതിയുടെ ശ്രദ്ധയിൽപെടുത്തി. എവിടെയെങ്കിലും കേസ് രജിസ്റ്റർ ചെയ്ത് രാജ്യത്ത് ഏത് കോടതിയിലും ഹാജരാക്കാൻ കഴിയുമോ എന്ന് വൃന്ദ ഗ്രോവർ ചോദിച്ചു. എല്ലാ പൗരന്മാരും തുല്യരാണെന്നും മുൻകൂർജാമ്യം തേടൂ എന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചപ്പോൾ യു.പിയിൽ എല്ലാവരും തുല്യരല്ല എന്ന് വൃന്ദ ഗ്രോവർ പറഞ്ഞു. തുടർന്ന് ഇടക്കാല ഉത്തരവിറക്കാതെ വിഷയം 31ന് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു.സേവന പ്രവർത്തനങ്ങൾക്കായി രജിസ്ട്രേഷനില്ലാതെ റാണ അയ്യൂബ് വിദേശസംഭാവന സ്വീകരിച്ചുവെന്നാണ് ഇ.ഡി കേസ്.