തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച പാറശ്ശാല ഷാരോണ്‍ വധക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ആസൂത്രിത കൊലപാതകമാണെന്ന് നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കി. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാൻ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ വിഷം ചേർത്ത് നൽകി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് ഗ്രീഷ്മക്കെതിരെ ചുമത്തിയത്. ഗ്രീഷ്മയുടെ മാതാവ് സിന്ധു, അമ്മാവൻ നിർമലകുമാരൻ നായർ എന്നിവരും പ്രതികളാണ്. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്. 90 ദിവസത്തിന് മുമ്പ് കുറ്റപത്രം നൽകിയതിനാൽ ജയിലിൽ കിടന്ന് വേണം ഗ്രീഷ്മ വിചാരണ നേരിടാൻ. ജനുവരി 28ന് കോടതി കേസ് പരിഗണിക്കും. കഴിഞ്ഞവർഷം ഒക്ടോബർ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടിൽ െവച്ച് ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുന്നത്. 25ന് തിരുവനന്തപുരം മെഡിക്കൽ കോളജിലായിരുന്നു മരണം.
142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളും രേഖപ്പെടുത്തിയ 65 പേജ് കുറ്റപത്രമാണ് ജില്ല ക്രൈംബ്രാഞ്ചിന്‍റെ ചുമതലയുള്ള ഡിവൈ.എസ്.പി രാസിത്ത് സമർപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ.എസ്.പി കെ.ജെ. ജോൺസൺ ഗുണ്ടാബന്ധത്തെ തുടർന്ന് സസ്പെൻഷനിലാണ്. തന്‍റെ വീട്ടിലേക്ക് ഷാരോണിനെ വിളിച്ചുവരുത്തി വിഷം നൽകിയത് തട്ടിക്കൊണ്ടുപോകലിന് സമാനമാണെന്ന വിലയിരുത്തലിലാണ് ആ കുറ്റം കൂടി ഗ്രീഷ്മക്കെതിരെ ചുമത്തിയത്. മരണമൊഴിയിൽ പോലും കാമുകിയായിരുന്ന ഗ്രീഷ്മയെ ഷാരോണ്‍ സംശയിച്ചിരുന്നില്ല. സാധാരണ മരണമെന്ന നിഗമനത്തിലായിരുന്നു പാറശ്ശാല പൊലീസ് ആദ്യം. പിന്നീട് പ്രത്യേക സംഘം നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു ഗ്രീഷ്മയുടെ കുറ്റസമ്മതം. മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചശേഷം ഷാരോണിനെ ഒഴിവാക്കാനാണ് വിഷം നൽകിയത്. ഇതിന് മുമ്പും ജ്യൂസിൽ പാരെസറ്റമോള്‍ കലർത്തി ഗ്രീഷ്മ നൽകിയിരുന്നു. അന്നും അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിലായ ഷാരോണ്‍ രക്ഷപ്പെട്ടു. ഇതിന് ശേഷമാണ് വിഷം നൽകാൻ തീരുമാനിച്ചത്. മുമ്പും ജ്യൂസ് ചലഞ്ച് നടത്തിയിട്ടുള്ളതിനാൽ അനുനയത്തിൽ ഗ്രീഷ്മ കഷായവും കുടിപ്പിക്കുകയായിരുന്നു.
മകളുടെ കടുംകൈ മനസ്സിലാക്കിയ സിന്ധുവും അമ്മാവൻ നിർമലകുമാരൻ നായരും ചേർന്ന് തെളിവുകള്‍ നശിപ്പിെച്ചന്ന് കുറ്റപത്രത്തിൽ പറയുന്നു. തെളിവ് നശിപ്പിക്കൽ കുറ്റം മാത്രമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. സിന്ധുവിന് ഹൈകോടതി ജാമ്യം നൽകിയിരുന്നു.