കോഴിക്കോട്: രാത്രികാലങ്ങളിൽ നഗരത്തിലൂടെ കറങ്ങി നടന്ന് വീടുകളിലും ,വ്യാപാരസ്ഥാപനങ്ങളുടെ പരിസരങ്ങളിലും നിർത്തിയിടുന്ന മോട്ടോർ വാഹനങ്ങൾ കടത്തിക്കൊണ്ടുപോവുന്ന മോഷ്ടാവും കുട്ടി കള്ളനും അറസ്റ്റിൽ. കരുവിശ്ശേരിമുണ്ടിയാടിതാഴം ജോഷിത്ത് പിയെയും(30) പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയെയുമാണ് നടക്കാവ് പൊലീസ് ഇൻസ്പെക്ടർ പി. കെ.ജിജീഷിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ജനുവരി ആറാം തീയതി പുലർച്ചെ ജിഷിത്ത് ലാൽ, കിഴക്കെ പറമ്പത്ത് ഹൗസ്, കാരപറമ്പ് എന്നയാളുടെ വീടിൻ്റെ മുറ്റത്ത് നിറുത്തിയിട്ടിരുന്ന ചുവന്ന കളർ ജുപീറ്റർ സ്കൂട്ടർ ഇവർ മോഷ്ടിച്ചിരുന്നു. നിരവധി സി സി ടി വി കൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലും, സൈബർ സെല്ലിൻ്റെയും സഹായത്തോടെയുമാണ് പ്രതികളെ നടക്കാവ് ഇൻസ്പെക്ടർ പി.കെ.ജിജീഷിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. കളവ് ചെയ്യപ്പെട്ട സ്കൂട്ടർ പ്രതികളിൽ നിന്നും കണ്ടെത്തി. ഇവർ മുൻപും നിരവധി മോഷണ കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസിന് അന്വേഷണത്തിൽ മനസ്സിലായി. പ്രതികളെ പറ്റി കൂടുതൽ അന്വേഷിച്ച് വരികയാണ്.
അറസ്റ്റ് ചെയ്ത ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 4 കോടതിയിൽ ഹാജരാക്കിയ ജോഷിത്തിനെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ടാമത്തെ ആളെ ജ്യുവനൈൽ കോടതിയിൽ ഹാജരാക്കിയതാണ്. നടക്കാവ് പൊലീസ് സബ് ഇൻസ്പെക്ടറായ കൈലാസ് നാഥ് എസ്.ബി., അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടറായ ശശികുമാർ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം.വി.ശ്രീകാന്ത്, സജീവൻ എം.കെ. ഹരീഷ് കുമാർ.സി., ലെനീഷ് പി.എം. ജിത്തു.ബബിത്ത് കുറുമണ്ണിൽ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.