പാലാ: കോട്ടയം ഈരാറ്റുപേട്ടയിൽ വിദേശ കറൻസി ഉണ്ടെന്ന് കരുതി യുവാവിൽ നിന്ന് ബാഗ് കവർന്ന കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി. ആലപ്പുഴ പൂച്ചാക്കൽ സ്വദേശി അനന്തു, കോട്ടയം വൈക്കം സ്വദേശികളായ അരുൺ ബാബു, അനന്തു ശേഖരൻ എന്നിവരാണ് അറസ്റ്റിലായത്. എട്ട് അംഗ സംഘത്തിലെ മുഖ്യ പ്രതി മുഹമ്മദ് നജാഫ്, നൂറനാനിയിൽ ജാഫീർ കബീർ, ആലപ്പുഴ പൂച്ചക്കൽ സ്വദേശികളായ അഖിൽ ആന്‍റണി, ഷിബിൻ, എറണാകുളം ഇടക്കൊച്ചി സ്വദേശി ടി എസ് ശരത് ലാൽ ഉൾപ്പെടെ അഞ്ചു പേരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിന് ആസ്പദ്മായ സംഭവം. വ്യാപാര ആവശ്യത്തിനായി എറണാകുളം പോകുവാൻ വഴിയരുകിൽ നിന്ന ഈരാറ്റുപേട്ട സ്വദേശിയായ യുവാവിനെ സംഘം വാഹനത്തിൽ കയറ്റാൻ ശ്രമിക്കുകയും ആക്രമിക്കുകയുമായിരുന്നു. ശ്രമം പരാജയപ്പെട്ടതോടെ കൈയിലിരുന്ന ബാഗുമായി സംഘം കടന്നു കളഞ്ഞു. യുവാവിന്റെ കൈവശം വിദേശ കറൻസിയുണ്ടെന്ന വിവരം കിട്ടിയ നജാഫ് ഇത് തട്ടിയെടുക്കുവാൻ സുഹൃത്തായ ആലപ്പുഴ പൂച്ചാക്കൽ സ്വദേശി ഷിബിന്റെ സഹായത്തോടെ പദ്ധതിയിടുകയായിരുന്നു.
ഇതിനായി ആലപ്പുഴ, എറണാകുളം സ്വദേശികളായ പ്രതികളെ സ്ഥലത്തെത്തിച്ചു. യുവാവിന്റെ നീക്കങ്ങളെല്ലാം പ്രതികളെ അറിയിച്ചത് നജാഫും ജംഷിറുമായിരുന്നു. പ്രതികൾക്ക് ആവശ്യമായ മറ്റ് സഹായവും വാഹനം നൽകിയത് ഷിബിനാണ്. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ വാഹനത്തിന്റ നമ്പർ തിരിച്ചറിഞ്ഞു.
നിലമ്പൂർ സ്വദേശിയുടെ പേരിലായിരുന്നു വാഹനം. ഇദ്ദേഹത്തിന്റെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഷിബിൻ. തുടർന്ന് ഷിബിനെ കേന്ദ്രികരിച്ച് നടത്തിയ അന്വഷണത്തിലാണ് മുഖ്യ പ്രതി നജാഫുമായുള്ള ബന്ധം പൊലീസിന് ലഭിച്ചത്. ഈരാറ്റുപേട്ട സിഐ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.