നഖങ്ങള്‍ ഭംഗിയോടെ ഇരിക്കുന്നത് എപ്പോഴും കാഴ്ചയ്ക്ക് നല്ലതാണ്. അത് സ്ത്രീകളിലായാലും പുരുഷന്മാരിലായാലും. നമ്മുടെ ആരോഗ്യം നേരിടുന്ന പലവിധ പ്രശ്നങ്ങളും ശരീരത്തിന്‍റെ പല ഭാഗങ്ങളിലൂടെയും പ്രകടമാകാറുണ്ട്, അല്ലേ?
ചര്‍മ്മം, മുടി, കണ്ണുകള്‍ എന്നീ ഭാഗങ്ങളെല്ലാം ഇത്തരത്തില്‍ പ്രകടമായിത്തന്നെ ആരോഗ്യപ്രശ്നങ്ങള്‍ പ്രതിഫലിപ്പിച്ച് കാണിക്കാറുണ്ട്. സമാനം തന്നെയാണ് നഖങ്ങളുടെ കാര്യവും. നഖങ്ങളില്‍ നോക്കിയാലും നമ്മുടെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ഏകദേശ സൂചന ലഭിക്കും. ഇതിനുദാഹരണമായി ചിലത് പങ്കുവയ്ക്കാം.
ചിലരുടെ നഖങ്ങള്‍ വിളറിയിരിക്കുകയും നഖങ്ങളില്‍ നീണ്ട വരകള്‍ പോലെ കാണപ്പെടുകയും ചെയ്യാറുണ്ട്. ഇത് അനീമിയ അഥവാ വിളര്‍ച്ച എന്ന രോഗത്തിന്‍റെ ലക്ഷണമായി വരുന്നതാണ്. അതല്ലെങ്കില്‍ ശരീരത്തില്‍ ജലാംശം കാര്യമായി ഇല്ലെങ്കിലും ഇങ്ങനെ സംഭവിക്കാം.
ഇനി, നഖങ്ങളില്‍ നീലനിറം പടരുന്നതാണെങ്കില്‍, അത് രക്തത്തിലെ ഓക്സിജൻ കുറയുന്നതിന്‍റെ ലക്ഷണമാകാം. നഖം തീരെ നര്‍ത്തുവരികയും എപ്പോഴും പൊട്ടുകയും ചെയ്യുകയാണെങ്കില്‍ അത്, വൈറ്റമിൻ- ധാതുക്കള്‍- പ്രോട്ടീൻ എന്നിവയുടെയെല്ലാം കുറവാകാം.
അധികവും ഭക്ഷണത്തിലൂടെ നേടേണ്ട അവശ്യഘടകങ്ങളിലെ കുറവ് തന്നെയാണ് നഖത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുന്നത്. അതിനാല്‍ ഇവ ഭക്ഷണത്തിലൂടെ ഉറപ്പുവരുത്തുകയെന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. ഇത്തരത്തില്‍ നഖങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി നാം കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്…
മുട്ട : മിക്ക വീടുകളിലും നിത്യവും ഉപയോഗിക്കുന്നൊരു ഭക്ഷണസാധനമാണ് മുട്ട. മുട്ട പതിവായി കഴിക്കുന്നത് നഖത്തിനും ഏറെ നല്ലതാണ്. വൈറ്റമിൻ-ഡി, പ്രോട്ടീൻ എന്നിവയുടെ നല്ലൊരു സ്രോതസാണ് മുട്ട. ഇതിന് പുറമെ മുട്ടയിലടങ്ങിയിരിക്കുന്ന വൈറ്റമിൻ ബി-12, അയേണ്‍, ബയോട്ടിൻ എന്നീ ഘടകങ്ങളാണ് നഖത്തിന് ഗുണകരമായി വരുന്നത്. ഇവ നഖത്തിന് കട്ടി കൂട്ടുന്നതിനും പൊട്ടുന്നത് തടയുന്നതിനുമെല്ലാം സഹായിക്കും.
രണ്ട്…
ഇലക്കറികള്‍ : ഇലക്കറികള്‍ കഴിക്കുന്നതും നല്ലരീതിയില്‍ നഖത്തിനെ സ്വാധീനിക്കും. ചീര, ബ്രൊക്കോളി എന്നിവയെല്ലാം ഇതിനുദാഹരണമാണ്. ഇവയിലെല്ലാം ധാരാളം കാത്സ്യം,അയേണ്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയടങ്ങിയിരിക്കുന്നു. ഇത് നഖത്തിന്‍റ ആരോഗ്യം കൂട്ടാനും കട്ടി കൂട്ടാനും പൊട്ടുന്നത് തടയാനുമെല്ലാം സഹായിക്കുന്നു.
മൂന്ന്…
മത്സ്യം; വെജിറ്റേറിയനായവരെ സംബന്ധിച്ച് അവര്‍ക്കിത് ഡയറ്റിലുള്‍പ്പെടുത്താൻ തീര്‍ച്ചയായും സാധിക്കില്ല. എന്നാല്‍ മറ്റുള്ളവര്‍ക്ക് ഇത് ഡയറ്റിലുള്‍പ്പെടുത്തുന്നത് വഴി പല ആരോഗ്യഗുണങ്ങളും ലഭിക്കും. ഇക്കൂട്ടത്തിലൊന്നാണ് നഖത്തിന്‍റെ ആരോഗ്യവും. പ്രോട്ടീൻ, സള്‍ഫര്‍, ഒമേഗ- 3 ഫാറ്റി ആസിഡ് എന്നിവയാലെല്ലാം സമ്പന്നമാണ് മത്സ്യം. ഇവയെല്ലാം നഖത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.