റിയാദ്: സൗദി അറേബ്യയില്‍ യുവാവിനെ കാറിനുള്ളിലിട്ട് തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്ക് വധശിക്ഷ. സൗദി യുവാവ് ബന്ദര്‍ അല്‍ ഖര്‍ഹദിയെയാണ് സുഹൃത്തും സഹപ്രവര്‍ത്തകനുമായ മറ്റൊരു യുവാവ് തീകൊളുത്തി കൊലപ്പെടുത്തിയത്. വിചാരണ പൂര്‍ത്തിയാക്കിയ ജിദ്ദ ക്രിമിനല്‍ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചുവെന്ന് സൗദി അഭിഭാഷകന്‍ അബ്‍ദുല്‍ അസീസ് അല്‍ ഖുലൈസി സോഷ്യല്‍ മീഡിയയിലെ ലൈവ് വീഡിയോയില്‍ പറഞ്ഞു.
ഒന്നര മാസം മുമ്പാണ് നിഷ്‍ഠൂരമായ കൊലപാതകം നടന്നത്. സൗദി എയര്‍ലൈന്‍സ് ജീവനക്കാരനായിരുന്ന ബന്ദര്‍ അല്‍ ഖര്‍ഹദിയെ സുഹൃത്ത് തന്ത്രപൂര്‍വം വിളിച്ചുവരുത്തി കാറിനകത്ത് അടച്ചിട്ട് പെട്രോള്‍ ഒഴിച്ച് വാഹനത്തിന് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവാവ് കാറിനുള്ളില്‍ വെന്തുമരിച്ചു. മരണവെപ്രാളത്തില്‍ പിടയുന്നതിനിടെ താന്‍ എന്ത് തെറ്റാണ് ചെയ്‍തതെന്ന് വിളിച്ച് ചോദിച്ച് ബന്ദര്‍ അല്‍ഖര്‍ഹദി കരയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രതിക്ക് വധശിക്ഷ വിധിച്ചതില്‍ സംതൃപ്‍തിയുണ്ടെന്ന് ബന്ദര്‍ അല്‍ ഖര്‍ഹദിയുടെ പിതാവ് ത്വാഹ അല്‍ അര്‍ഖര്‍ദി പറഞ്ഞു.