പട്ന ∙ സംഘടനാ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ജനതാദൾ (യു) തകരുമെന്നു ജെഡിയു പാർലമെന്ററി പാർട്ടി ചെയർമാൻ ഉപേന്ദ്ര ഖുശ്വാഹ മുഖ്യമന്ത്രി നിതീഷ് കുമാറിനു മുന്നറിയിപ്പു നൽകി. സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്യാൻ നിതീഷ് തയാറാകുന്നില്ലെന്നും ഖുശ്വാഹ കുറ്റപ്പെടുത്തി.
ഖുശ്വാഹയ്ക്കു പാർട്ടി വിടാൻ സ്വാതന്ത്ര്യമുണ്ടെന്നാണ് നിതീഷ് ഇതേക്കുറിച്ചു പ്രതികരിച്ചത്. വെറുംകയ്യോടെ പോകില്ലെന്നും തനിക്ക് അർഹമായ ഭാഗവും വാങ്ങിയാകും പാർട്ടിയിൽ നിന്നിറങ്ങുകയെന്നും ഖുശ്വാഹ തിരിച്ചടിച്ചു. നിതീഷ് കുമാറുമായി ഇടഞ്ഞു നിൽക്കുന്ന ഖുശ്വാഹയെ തൽക്കാലം പുറത്താക്കേണ്ടതില്ലെന്ന നിലപാടിലാണ് ജെഡിയു നേതൃത്വം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമാണ് ഖുശ്വാഹയുടെ ആർഎൽഎസ്പി കക്ഷി ജെഡിയുവിൽ ലയിച്ചത്.
മുഖ്യമന്ത്രി സ്ഥാനത്ത് തന്റെ പിൻഗാമി ആർജെഡി നേതാവ് തേജസ്വി യാദവാണെന്ന നിതീഷിന്റെ പ്രഖ്യാപനമാണ് ഖുശ്വാഹ ഇടയാൻ കാരണമായത്. പാർട്ടിയിൽ ചർച്ച ചെയ്യാതെ ഏകപക്ഷീയമായി നടത്തിയ പ്രഖ്യാപനത്തിൽ ജെഡിയുവിലെ മറ്റു ചില നേതാക്കൾക്കും അതൃപ്തിയുണ്ട്. ബിഹാർ മന്ത്രിസഭാ വികസനത്തിൽ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന ഖുശ്വാഹയുടെ ആവശ്യവും നിതീഷ് നിരാകരിച്ചു.