മുംബൈ∙ ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ഓഹരിമൂല്യത്തിലുണ്ടായ ഇടിവിനു പിന്നാലെ ഗൗതം അദാനിക്ക് വീണ്ടും തിരിച്ചടി. ഫോബ്സിന്റെ, ലോകത്തെ ഏറ്റവും ധനികരുടെ പട്ടികയിൽ ഗൗതം അദാനി ഏഴാം സ്ഥാനത്തേയ്ക്കു വീണു. അദാനി ഗ്രൂപ്പ് ഓഹരിവില പെരുപ്പിച്ചു കാണിക്കുകയാണെന്ന യുഎസ് ഫൊറൻസിക് ഫിനാൻഷ്യൽ റിസർച് സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് പുറത്തവരുന്നതിനു മുൻപ് പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്നു അദാനി.
വെള്ളിയാഴ്ചത്തെ കണക്കുകൾ പ്രകാരം 96.5 ബില്യൻ ഡോളറാണ് അദാനിയുടെ ആസ്തി. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള അദാനി ഗ്രൂപ്പിന്റെ കമ്പനികളുടെ മൂല്യത്തിൽ ഏതാണ്ട് 4.17 ലക്ഷം കോടി രൂപയുടെ കുറവാണ് 2 ദിവസത്തിനിടെ ഉണ്ടായത്. അദാനി ഗ്രൂപ്പിന്റെ ഏഴ് ലിസ്‌റ്റഡ് കമ്പനികളുടെ ഓഹരികളും വെള്ളിയാഴ്ച കനത്ത ഇടിവ് നേരിട്ടു. റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നതായുള്ള ഹിൻഡൻബർഗിന്റെ പ്രസ്താവന നഷ്ടത്തിന്റെ ആഘാതം വർധിപ്പിച്ചു. അദാനി ടോട്ടൽ ഗ്യാസിന്റെ ഓഹരികൾ 20 ശതമാനം ഇടിഞ്ഞു. അദാനി ട്രാൻസ്മിഷൻ 19.99 ശതമാനം, അദാനി ഗ്രീൻ എനർജി 19.99 ശതമാനം, അദാനി എന്റർപ്രൈസസ് 18.52 ശതമാനം എന്നിങ്ങനെയാണ് ഇടിഞ്ഞത്.
അദാനി പോർട്സ് 16.03 ശതമാനവും അദാനി വിൽമർ, അദാനി പവർ എന്നിവ 5 ശതമാനം വീതവും ഇടിഞ്ഞു. അദാനി അടുത്തകാലത്ത് ഏറ്റെടുത്ത അംബുജ സിമന്റ്‌സ് 17.16 ശതമാനവും എസിസി 13.04 ശതമാനവും ഇടിഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ അദാനി ഗ്രൂപ്പ് കമ്പനികൾക്ക് അവരുടെ വിപണി മൂല്യത്തിൽനിന്ന് 4,17,824.79 കോടി രൂപ നഷ്ടമായെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. അദാനി ടോട്ടൽ ഗ്യാസിന്റെ വിപണിമൂല്യം 1,04,580.93 കോടി രൂപ ഇടിഞ്ഞപ്പോൾ അദാനി ട്രാൻസ്മിഷന് 83,265.95 കോടി രൂപ കുറഞ്ഞു.
അദാനി എന്റർപ്രൈസസ് 20,000 കോടി രൂപയുടെ ഫോളോ ഓൺ പബ്ലിക് ഇഷ്യു (എഫ്പിഒ) ആരംഭിച്ചപ്പോഴും തകർച്ച നേരിട്ടു. ഓരോന്നിനും 3,112 രൂപ മുതൽ 3,276 രൂപ വരെയുള്ള വിലയ്ക്കാണ് ഓഹരികൾ വിൽക്കുക. എഫ്പിഒ ജനുവരി 31ന് അവസാനിക്കും. ആങ്കർ നിക്ഷേപകരിൽനിന്ന് 5,985 കോടി സമാഹരിച്ചതായും അദാനി ഗ്രൂപ്പ് അറിയിച്ചു.
ഇന്ത്യൻ ഓഹരിവിപണിയിലും വെള്ളിയാഴ്ച ‘അദാനി ഇംപാക്ട്’ പ്രകടമായിരുന്നു. സെൻസെക്സ് 874 പോയിന്റ് ഇടിഞ്ഞ് 59,330ൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരു ഘട്ടത്തിൽ 1,230.36 പോയിന്റ് ഇടിഞ്ഞ് 58,974 വരെയെത്തി. നിഫ്റ്റി 287.60 പോയിന്റ് ഇടിഞ്ഞ് 17,604.35 ആണ് വ്യാപാരം അവസാനിപ്പിച്ചത്. 2022 ഡിസംബർ 23ന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് ഇത്.