രക്തത്തില്‍ കാണപ്പെടുന്ന മെഴുക് പോലുള്ള വസ്തുവാണ് കൊളസ്ട്രോള്‍. കോശങ്ങളുടെ നിര്‍മാണത്തിലൊക്കെ ശരീരം കൊളസ്ട്രോളിനെ ഉപയോഗപ്പെടുത്തുമെങ്കിലും ഇതിന്‍റെ തോത് പരിധി വിട്ടുയരുന്നത് നല്ലതല്ല. ലോ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍(എല്‍ഡിഎല്‍), ഹൈഡെന്‍സിറ്റി ലിപോപ്രോട്ടീന്‍(എച്ച്ഡിഎല്‍) എന്നിങ്ങനെ കൊളസ്ട്രോള്‍ പല തരത്തിലുണ്ട്. ഇതില്‍ എല്‍ഡിഎല്‍ തോത് കുറയ്ക്കാനും എച്ച്ഡിഎല്‍ തോത് വര്‍ധിപ്പിക്കാനുമാണ് നാം ശ്രമിക്കേണ്ടത്.
ചില ജീവിതശൈലി മാറ്റങ്ങളിലൂടെ കൊളസ്ട്രോള്‍ തോത് നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയുമെന്ന് ന്യൂട്രീഷനിസ്റ്റ് ലവ്നീത് ബത്ര പറയുന്നു.
1. ആരോഗ്യകരമായ ഭക്ഷണം
റെഡ് മീറ്റിലും ഫുള്‍ ഫാറ്റ് പാലുൽപന്നങ്ങളിലും കാണുന്ന സാച്ചുറേറ്റഡ് കൊഴുപ്പ് കുറയ്ക്കേണ്ടത് അത്യാവശ്യമാണെന്ന് ലവ്നീത് പറയുന്നു. ട്രാന്‍സ്ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കേണ്ടതാണ്. പകരം ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ സാല്‍മണ്‍, വാള്‍നട്ടുകള്‍, ഫ്ളാക്സ് വിത്തുകള്‍ എന്നിവ കഴിക്കാവുന്നതാണ്.
2. നിത്യവും വ്യായാമം
കൊളസ്ട്രോള്‍ കുറച്ച് ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ നിത്യവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നതിലൂടെ സാധിക്കും. വെയ്റ്റ് ട്രെയ്നിങ്ങോ നടപ്പോ നീന്തലോ എന്തെങ്കിലും കളികളോ ഇതിനായി ചെയ്യാവുന്നതാണ്.
3. പുകവലി ഉപേക്ഷിക്കുക
പുകവലി എച്ച്ഡിഎല്‍ കുറയ്ക്കുകയും എല്‍ഡിഎല്‍ വര്‍ധിപ്പിക്കുകയും ചെയ്യും. ഇതിനാല്‍ പുകവലി ഒഴിവാക്കുക വഴി ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്‍റെ തോത് കുറച്ച് നല്ല കൊളസ്ട്രോള്‍ തോത് വര്‍ധിപ്പിക്കാന്‍ സാധിക്കും. ഹൃദയത്തെയും ശ്വാസകോശത്തെയും സംരക്ഷിക്കാന്‍ പുകവലി പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.
4. ആരോഗ്യകരമായ ശരീരഭാരം
അമിതഭാരവും കുടവയറും കൊളസ്ട്രോളിലേക്ക് നയിക്കാം. ഇതിനാല്‍ അമിതവണ്ണക്കാര്‍ ശരീരഭാരത്തിന്‍റെ അഞ്ച് മുതല്‍ 10 ശതമാനം വരെ കുറയ്ക്കാന്‍ ലക്ഷ്യമിടേണ്ടതാണ്.
5. മദ്യപാനം പരിമിതമായി മാത്രം
പുകവലിയോടൊപ്പം മദ്യപാനവും പൂര്‍ണമായും ഉപേക്ഷിക്കാന്‍ സാധിച്ചാല്‍ നല്ലത്. ഇതിന് സാധിക്കാത്തവര്‍ മദ്യപിക്കുന്നതിന്‍റെ തോതെങ്കിലും നിയന്ത്രിച്ച് നിര്‍ത്തേണ്ടതാണ്. 65ല്‍ താഴെയുള്ളവര്‍ ദിവസം രണ്ട് ഡ്രിങ്കിന് മുകളില്‍ കഴിക്കാന്‍ പാടില്ല. 65ന് മുകളില്‍ പ്രായമുള്ളവര്‍ ഇത് ഒരു ഡ്രിങ്കായി പരിമിതപ്പെടുത്തണം.