ഹൃദയം, സന്ധികള്‍, തലച്ചോര്‍ എന്നിങ്ങനെ ശരീരത്തിലെ മറ്റ് അവയവങ്ങളെ പോലെതന്നെ പ്രായം കൂടും തോറും ദുര്‍ബലമാകുന്ന ഒന്നാണ് ശ്വാസകോശവും. ശ്വാസകോശത്തിന് അതിന്‍റെ കരുത്ത് നഷ്ടമാകുന്നതോട് കൂടി ശ്വാസമെടുപ്പ് വെല്ലുവിളി നിറഞ്ഞ ഒന്നായി മാറും. ആരോഗ്യം മോശമായി തുടങ്ങി എന്നതിന്‍റെ സൂചനയായി ശ്വാസകോശം നല്‍കുന്ന ചില സൂചനകള്‍ ഇനി പറയുന്നവയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
1. നെഞ്ചു വേദന
ഒരു മാസമോ അതിനു മുകളിലോ നീണ്ടു നില്‍ക്കുന്ന വിശദീകരിക്കാനാവാത്ത നെഞ്ചു വേദന ശ്വാസകോശത്തിന്‍റെ കാര്യം അത്ര പന്തിയല്ലെന്ന മുന്നറിയിപ്പ് നല്‍കുന്നു. ശ്വാസമെടുക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ ഈ വേദന രൂക്ഷമാകും.
2. നിരന്തരമായ കഫം
അണുബാധകള്‍ക്കും ശരീരത്തില്‍ പ്രവേശിക്കുന്ന അന്യ വസ്തുക്കള്‍ക്കുമെതിരെയുള്ള പ്രതിരോധം എന്ന നിലയ്ക്ക് വായുനാളിയില്‍ ഉൽപാദിപ്പിക്കപ്പെടുന്നതാണ് കഫം. ഒരു മാസത്തിലധികം നീണ്ടു നില്‍ക്കുന്ന തുടര്‍ച്ചയായ കഫവും ശ്വാസകോശരോഗത്തിന്‍റെ ലക്ഷണമാണ്.
3. പെട്ടെന്നുള്ള ഭാരനഷ്ടം
പ്രത്യേകിച്ച് ഭക്ഷണനിയന്ത്രണമോ വ്യായാമമോ കൂടാതെ വന്‍തോതില്‍ ഭാരം കുറഞ്ഞാല്‍ അത് ശ്വാസകോശത്തില്‍ അര്‍ബുദകോശങ്ങള്‍ വളരുന്നതിന്‍റെ ലക്ഷമാകാം. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തേണ്ടതാണ്.
4. ശ്വാസക്രമത്തില്‍ മാറ്റം
ശ്വാസംമുട്ടല്‍ പോലുള്ള പ്രശ്നങ്ങളും അപകടസൂചനയായി എടുക്കണം. അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയോ ശ്വാസകോശത്തില്‍ ദ്രാവകം കെട്ടിക്കിടക്കുന്നതോ ശ്വാസംമുട്ടലിന് കാരണമാകാം.
5. തുടര്‍ച്ചയായ ചുമയും ചുയ്ക്കുമ്പോൾ രക്തവും
എട്ട് ആഴ്ചയില്‍ അധികം നീണ്ട് നില്‍ക്കുന്ന ചുമയും ചുമയ്ക്കുമ്പോൾ രക്തവുമെല്ലാം ശ്വാസകോശത്തിന്‍റെ ആരോഗ്യം വഷളാകുന്നതിന്‍റെ ലക്ഷണങ്ങളാണ്.
പുകവലി ഒഴിവാക്കിയും വായുമലിനീകരണമുള്ള സ്ഥലങ്ങളില്‍ മാസ്ക് ഉപയോഗിച്ചുമെല്ലാം ശ്വാസകോശ രോഗങ്ങളുടെ സാധ്യത കുറയ്ക്കാവുന്നതാണ്. പ്രാണായാമം പോലുള്ള ശ്വസന വ്യായാമങ്ങളും ഗുണപ്രദമാണ്.