ദില്ലി: ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നേരിട്ട വൻ തിരിച്ചടിയുടെ ഞെട്ടലിലാണ് ഇന്ത്യൻ വിപണി. നാല് ലക്ഷം കോടിയിലേറെ രൂപയുടെ ഇടിവാണ് ഓഹരി വിപണിയിൽ രണ്ട് ദിവസം കൊണ്ട് അദാനി ഗ്രൂപ്പ് നേരിട്ടത്. ഇന്നും നാളെയും ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് അവധിയാണ്.
അതേസമയം അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബെർഗ് റിസേർച്ചിന്‍റെ കണ്ടെത്തലുകൾ വലിയ തോതിൽ ഇന്ത്യൻ വിപണിയെ ബാധിക്കുമ്പോഴും വിഷയത്തിൽ കേന്ദ്ര സർക്കാർ മൗനം തുടരുകയാണ്. കണ്ടെത്തലുകൾ സെബി പരിശോധിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. വെളിപ്പെടുത്തലുകളില്‍ ഗൗരവതരമായ അന്വേഷണം വേണമെന്ന ആവശ്യം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമാക്കുകയാണ്.