ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളാണ് മുകേഷ് അംബാനി. സാമ്പത്തിക പുരോഗതിയുടെ പര്യായമാണ് അദ്ദേഹം. ഇന്ത്യയുടെ വളർച്ചയുടെ ചരിത്രത്തിൽ അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതിനാൽ തന്നെ പലപ്പോഴും പലരുടെയും റോൾ മോഡൽ കൂടെയാണ് ഇദ്ദേഹം. പാകിസ്താനിലെ ഒരു വ്യക്തി അറിയപ്പെടുന്നത് ‘പാകിസ്ഥാൻ മുകേഷ് അംബാനി’ എന്നാണ്. എന്തുകൊണ്ടായിരിക്കും ഇത്?
സാമ്പത്തികമായി മെച്ചപ്പെട്ട രാജ്യമല്ല പാകിസ്ഥാൻ. കടുത്ത ദാരിദ്ര്യത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. പണപ്പെരുപ്പവും യുഎസ് ഡോളറിനെതിരെ പാകിസ്ഥാൻ രൂപയുടെ ഇടിവും രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ തളർത്തുന്നുണ്ട്. പ്രതിസന്ധികൾക്കിടയിലും സാമ്പത്തിക പുരോഗതി കൈവരിച്ച് മുന്നേറുന്ന പാകിസ്ഥാനിൽ നിന്നുള്ള വ്യവസായിയാണ് മിയാൻ മുഹമ്മദ് മാൻഷ. ലോകത്തിലെ ഏറ്റവും സമ്പന്നനായ പാക്കിസ്ഥാനി എന്ന നിലയിൽ പാക്കിസ്ഥാനിലെ മുകേഷ് അംബാനി എന്നാണ് മാൻഷ അറിയപ്പെടുന്നത്.
ആരാണ് മിയാൻ മുഹമ്മദ് മാൻഷ?
ഇന്ത്യ – പാക് വിഭജനത്തിനു മുൻപ് കൊൽക്കട്ടയിൽ നിന്നും പാകിസ്ഥാനിലെ പഞ്ചാബിലേക്ക് കുടിയേറിയതാണ് മാൻഷയുടെ കുടുംബം. അവടെ അവർ ഒരു കോട്ടൺ മിൽ സ്ഥാപിച്ചു. 1947 ൽ ജനിച്ച മിയാൻ മുഹമ്മദ് മാൻഷ ലണ്ടനിൽ നിന്നാണ് അദ്ദേഹം ബിരുദം നേടിയത്. അദ്ദേഹത്തിന്റെ അച്ഛന് ഒരു കോട്ടൺ മിൽ ഉണ്ടായിരുന്നു. അദ്ദേഹം അതിനെ ഒരു ബില്യൺ ഡോളർ സംരംഭമാക്കി മാറ്റി. ഇന്ന് നിഷാത് ടെക്സ്റ്റൈൽസ് മിൽസ് എന്ന പേരിൽ ഒരു ടെക്സ്റ്റൈൽ ബിസിനസ് നടത്തുന്നു. ബാങ്കിംഗ്, ഇൻഷുറൻസ്, സിമന്റ്, പവർ മേഖലയിലും അദ്ദേഹത്തിന് താൽപ്പര്യമുണ്ട്.
2005-ൽ അദ്ദേഹം ഏറ്റവും ധനികനായ പാകിസ്ഥാനിയായി മാറി. 2010-ൽ, ഫോർബ്സ് സമാഹരിച്ച ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയിൽ മാൻഷയും ഇടം പിടിച്ചു. പട്ടികയിൽ അദ്ദേഹം 937-ാം സ്ഥാനത്തായിരുന്നു. 2008-ൽ മാൻഷ മലേഷ്യയുടെ മേബാങ്ക് ആരംഭിക്കുകയും എംസിബി ബാങ്ക് ആരംഭിക്കുകയും ചെയ്തു. 5 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി. ഏറ്റവും ധനികനായ പാക്കിസ്ഥാനി ആയതിനാൽ പാക്കിസ്ഥാന്റെ അംബാനി എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. അതേസമയം, അംബാനിയുടെ ആസ്തി 80 ബില്യൺ ഡോളറിലധികം വരും എന്നതാണ് യാഥാർഥ്യം.
ലോകത്തിലെ ഏറ്റവും വലിയ 500 സമ്പന്നരുടെ പട്ടികയിൽ 20 ഇന്ത്യക്കാർ ഇടംപിടിച്ചു ഈ ലിസ്റ്റിൽ പാകിസ്ഥാനിൽ നിന്നുമുള്ള ആരും തന്നെയില്ല.നിഷാത് ഗ്രൂപ്പിന്റെ സ്ഥാപകനും സിഇഒയുമാണ് മാൻഷ. അദ്ദേഹവും കുടുംബാംഗങ്ങളുമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ നികുതിദായകർ. ലണ്ടനിലെ ഒരു എസ്റ്റേറ്റ് ഉൾപ്പെടെ നിരവധി വിലയേറിയ വീടുകൾ അദ്ദേഹത്തിനുണ്ട്. മെഴ്‌സിഡസ് ഇ-ക്ലാസ്, ജാഗ്വാർ കൺവേർട്ടബിൾ, പോർഷെ, ബിഎംഡബ്ല്യു 750, റേഞ്ച് റോവർ, ഫോക്‌സ്‌വാഗൺ എന്നിവയുൾപ്പെടെ നിരവധി ഗംഭീര കാറുകൾ അദ്ദേഹത്തിനുണ്ട്.