ന്യൂയോർക്ക്∙ പുതിയ ആളെ ജോലിക്ക് എടുക്കുന്നതിന്റെ ഭാഗമായി അഭിമുഖം നടത്തവെയാണ് തന്നെ പിരിച്ചുവിട്ടതെന്ന് ഗൂഗിളിലെ മുൻ ജീവനക്കാരൻ. കഴിഞ്ഞയാഴ്ച വരെ ഗൂഗിളിൽ റിക്രൂട്ടറായി ജോലി ചെയ്തിരുന്ന ഡാൻ ലാനിഗൻ റയൻ ആണ് ദുരനുഭവം സമൂഹമാധ്യമമായ ലിങ്ക്ഡ്ഇന്നിലെ പോസ്റ്റ് വഴി പുറത്തുവിട്ടത്. ‘‘മറ്റ് ആയിരക്കണക്കിനുപേരെപ്പോലെ എന്നെയും കഴിഞ്ഞ വെള്ളിയാഴ്ച ഗൂഗിൾ പിരിച്ചുവിട്ടു. ഇത്രപെട്ടെന്ന് ഒരു അവസാനം ഉണ്ടാകുമെന്നു ഞാൻ കരുതിയില്ല. സ്ഥാപനത്തിലേക്ക് ഒരാളെ അഭിമുഖം നടത്തി എടുക്കുന്നതിന്റെ ഇടയിലായിരുന്നു പുറത്താക്കൽ. ഇതോടെ ഉപയോഗിച്ചുകൊണ്ടിരുന്ന സിസ്റ്റത്തിൽപോലും പ്രവേശിക്കാനായില്ല.
ഒരു വർഷം മുൻപാണ് എന്റെ സ്വപ്ന കമ്പനിയിൽ സ്വപ്ന ജോലിക്കായി കയറിയത്. നായയുമായി നടക്കാൻ ഇറങ്ങിയപ്പോഴായിരുന്നു എന്റെ റിക്രൂട്ടർ വിളിച്ച് ജോലിയുടെ കാര്യം പറഞ്ഞത്. വലിയ സന്തോഷമായിരുന്നു അന്ന്.കഴിഞ്ഞ വെള്ളിയാഴ്ച അഭിമുഖം നടത്തുന്നതിനിടെ കമ്പനിയുടെ ഇന്റേണൽ വെബ്സൈറ്റിൽ പ്രവേശിക്കാൻ നോക്കിയിട്ടും നടന്നില്ല. ഇതിനു പിന്നാലെ ഇമെയിലും ബ്ലോക്ക് ചെയ്തു. പിന്നീട് 15–20 മിനിറ്റിനുശേഷം 12,000 പേരെ പിരിച്ചുവിടുന്നതായി ഗൂഗിളിന്റെ അറിയിപ്പ് വാർത്തയിൽ കാണുകയായിരുന്നു.’’ – ഡാൻ ലാനിഗൻ റയനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.