തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്‍റെ പ്രബന്ധം പുനഃപരിശോധിക്കണമെന്ന് പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് വി സിക്ക് പരാതി നൽകിയത്. ഗവേഷണ പ്രബന്ധത്തിലെ ഗുരുതരമായ തെറ്റ് പുറത്തുവന്നിട്ടും ചിന്ത ജെറോം പ്രതികരിക്കാന്‍ തയ്യാറായില്ല. പ്രബന്ധം പരിശോധിച്ചശേഷം മറുപടി നൽകാമെന്നാണ് യുവജന കമ്മീഷൻ അധ്യക്ഷ പറയുന്നത്. ശമ്പള കുടിശ്ശിക വിവാദത്തിന് തൊട്ടുപിന്നാലെ വാഴക്കുല വിവാദവും വന്നതോടെ വലിയ നാണക്കേട് ഉണ്ടായെന്ന വിലയിരുത്തലിലാണ് സിപിഎം.
മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയിതാവിന്‍റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തക്ക് ഡോക്ടറേറ്റ് കിട്ടിയത്. കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറായിരുന്ന അജയകുമാറിൻ്റെ മേല്‍നോട്ടത്തിൽ വര്‍ഷങ്ങള്‍ സമയമെടുത്ത്, പണം ചെലവിട്ട് തയ്യാറാക്കിയതായിരുന്നു ചിന്തയുടെ പഠനം. വിവിധ കമ്മിറ്റികള്‍ക്ക് മുന്നിലെത്തിയിട്ടും ആരും ഈ തെറ്റ് കണ്ടുപിടിച്ചതുമില്ല. അബദ്ധം കയറിക്കൂടിയതിനെക്കുറിച്ച് അറിയില്ലെന്നാണ് ചിന്താ ജെറോമിന്‍റെ പ്രതികരണം. ഓര്‍മ്മയില്ലെന്ന് ഗൈഡും പറയുന്നു. കഥയെന്തായാലും ചിന്തയിപ്പോൾ ഡോക്ടറാണ്. ചങ്ങമ്പുഴയുടെ വാഴക്കുല വെട്ടിയതിന്‍റെ നാണക്കേട് ചെറുതല്ല.