അഗർത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി. 48 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് ഉൾപ്പടെ നിരവധി പ്രമുഖരുടെ പേരുകൾ പട്ടികയിലുണ്ട്. മുതിർന്ന ബി.ജെ.പി നേതാക്കളായ അനിൽ ബലൂനിയും സംബിത് പത്രയും പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി മാണിക് സാഹ ബോർഡോവാലിയിൽ നിന്ന് മത്സരിക്കും. ദൻപൂരിൽ നിന്നാണ് പ്രതിമ ഭൗമിക് മത്സരിക്കുന്നത്. ശേഷിക്കുന്ന 12 സ്ഥാനാർഥികളുടെ പേരുകൾ പിന്നീട് അറിയിക്കുമെന്ന് പാർട്ടി അറിയിച്ചു. കോൺഗ്രസും 17 സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്.
ഫെബ്രുവരി 16നാണ് ത്രിപുരയിൽ നിയമസഭ തെരഞ്ഞെടുപ്പ്. ആകെ 60 നിയമസഭാ സീറ്റുകളാണുള്ളത്. ഭരണകക്ഷിയായ ബി.ജെ.പിയെ തോൽപ്പിക്കാൻ സി.പി.എമ്മും കോൺഗ്രസും തമ്മിൽ തെരഞ്ഞെടുപ്പ് ധാരണയിൽ എത്തിയിരുന്നു. 25 വർഷം നീണ്ട ഇടതുഭരണത്തിന് അവസാനം കുറിച്ചാണ് ത്രിപുരയിൽ 2018 ൽ ബി.ജെ.പി അധികാരത്തിലെത്തിയത്. അതേസമയം, കഴിഞ്ഞദിവസം ത്രിപുരയിൽ സി.പി.എം എം.എൽ.എ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നു.