ഷിംല: മരുഭൂമിയിൽ നിന്നെത്തി മഞ്ഞു പുതച്ച മലനിരകൾ കണ്ട ആവേശത്തിലായിരുന്നു ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രൌഡ് ടു ബി ആൻ ഇന്ത്യൻ സംഘം. ഷിംലയ്ക്ക് അടുത്തുള്ള കുഫ്രിയിൽ ആണ് സംഘം എത്തിയത്. മഞ്ഞിൽ കളിച്ച് ഈ ദിവസം അവർ അവിസ്മരണീയമാക്കി. മറക്കാനാവാത്ത അനുഭവം എന്നാണ് സംഘാംഗങ്ങൾ ഇതിനെക്കുറിച്ച് പ്രതികരിച്ചത്. ഇന്ത്യ-പാക് കരാറിന്റെ (ഷിംല കരാർ) ചരിത്രമറിയാനും ഇന്നത്തെ ദിവസം അവർക്കായി. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച കരാറിന്റെ സവിശേഷതകൾ ഹിമാചൽ പ്രദേശ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലെക്കർ സംഘാംഗങ്ങളോട് വിവരിച്ചു.
1972ൽ ഷിംല കരാർ ഒപ്പുവെക്കാൻ വേദിയായ രാജ്ഭവനിലെ സ്വീകരണമുറി സംഘം സന്ദർശിച്ചു. ഇന്ദിരാഗാന്ധിയും സുൾഫിക്കർ അലി ഭൂട്ടോയും ഒപ്പുവച്ച കരാരിന്റെ വിശദാംശങ്ങൾ ഗവർണർ വിവരിച്ചു. അന്ന് ഷിംലയിലെ ഗസ്റ്റ്ഹൗസായിരുന്നു ഇപ്പോഴത്തെ രാജ്ഭവൻ. സുൾഫിക്കർ അലി ഭൂട്ടോയും മകൾ ബേനസീൽ ഭൂട്ടോയും അന്ന് ഇന്ത്യയുടെ അതിഥികളായി ഇവിടെ കഴിഞ്ഞിരുന്നു. കരാർ ഒപ്പുവച്ച മുറിയിലേക്കാണ് പ്രൗഡ് ടു ബി ഇന്ത്യൻ സംഘത്തെ ഗവർണർ ആനയിച്ചത്. ബംഗ്ളാദേശ് യുദ്ധത്തിന്റെയും ഇന്ത്യയുടെ വിജയത്തിന്റെയും പിന്നീടുണ്ടായ ഷിംല കരാറിന്റെയും കഥകൾ ഏറെ കൗതുകത്തോടെയാണ് പ്രവാസി വിദ്യാർത്ഥികൾ കേട്ടത്. ഇന്ത്യക്കാരെന്ന അഭിമാനത്തോടെയാണ് ഈ കഥ കേട്ട് സംഘം രാജ്ഭവനിൽ നിന്ന് ഇറങ്ങിയത്.