കോഴിക്കോട് ∙ കേരളം സാമ്പത്തികമായി തകർന്ന സാഹചര്യത്തിൽ ധവളപത്രമിറക്കാൻ സംസ്ഥാന സർക്കാർ തയാറാവണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ജനജീവിതം ദുസ്സഹമാവുമ്പോഴും സർക്കാർ ധൂർത്ത് തുടരുകയാണ്. ശ്രീലങ്കയുടെയും പാക്കിസ്ഥാന്റെയും പാതയിലാണ് കേരളത്തെയും കൊണ്ടുപോകുന്നത്. യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിന് കുടിശ്ശികയായി ലക്ഷങ്ങൾ കൊടുക്കാൻ സർക്കാർ തയാറാണ്. എന്നാൽ അടുത്ത മാസം ഒന്നാം തീയതി വൈദ്യുതിനിരക്ക് കൂട്ടി ജനങ്ങളുടെ നടുവൊടിക്കാനാണു ശ്രമിക്കുന്നത്.ലോട്ടറിയും മദ്യവുമല്ലാതെ സംസ്ഥാനത്തിന് മറ്റു വരുമാന മാർഗമില്ല. സിപിഎമ്മിന്റെ രാഷ്ട്രീയ താൽപര്യം സംരക്ഷിക്കാനാണു മുഖ്യമന്ത്രി പിണറായി വിജയൻ, കെ.വി.തോമസിനെ ഡൽഹിയിൽ നിയമിച്ചത്. പൊതുകടം 4 ലക്ഷം കോടിയിലേക്ക് കുതിക്കുമ്പോൾ അനാവശ്യമായ ധൂർത്തിലൂടെ തലമറന്ന് എണ്ണതേക്കുകയാണ്. വൻകിട കുത്തകക്കാരുടെ നികുതി പിരിക്കാതെ സാധാരണക്കാരെ പിഴിയുകയാണ് സർക്കാരിന്റെ ഹോബി. നിത്യോപയോഗ സാധനങ്ങൾക്കും വൈദ്യുതിക്കും വെള്ളത്തിനും വില കൂട്ടി പൊതുജനങ്ങളെ ദുരിതത്തിലാക്കുന്നു. സാമ്പത്തിക ക്രിമിനലുകളെ സംരക്ഷിക്കുന്നു. സർക്കാരിന്റെ മൗനാനുവാദത്തോടെ നികുതിവെട്ടിപ്പുകൾ കേരളത്തിൽ പതിവായി.
വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടുന്നില്ല. കാർഷിക ഉൽപന്നങ്ങൾക്ക് താങ്ങുവില വർധിപ്പിക്കാൻ നടപടിയില്ല. കേരളീയർ പട്ടിണിയിലാവാത്തതു പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രം ഭരിക്കുന്നതുകൊണ്ട് മാത്രമാണ്. കേന്ദ്ര വിഹിതം കേരളത്തിന് ഏറ്റവും കൂടുതൽ ലഭിച്ചത് ഈ കാലഘട്ടത്തിലാണ്. റവന്യൂ ഡെഫിസിറ്റി ഗ്രാന്റ് ഏറ്റവും കൂടുതൽ കേരളത്തിന് ലഭിച്ചതും മോദി സർക്കാരിന്റെ കാലത്താണ്. 69,000 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിന് നൽകിയത്. കോൺഗ്രസ് ഭരണകാലത്ത് കേന്ദ്രം, പ്രതിപക്ഷ സർക്കാരുകളോട് കാണിക്കുന്ന സമീപനമല്ല ബിജെപിക്കുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു