മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കരോഗികളുടെ എണ്ണം ഇന്ന് കൂടി വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. ക്യാന്‍സര്‍ പോലും വ്യക്കകളെ ബാധിക്കാം.
സ്ത്രീകളെക്കാള്‍ വൃക്കാര്‍ബുദത്തിന് സാധ്യത നാലു മടങ്ങ് കൂടുതല്‍ പുരുഷന്മാര്‍ക്കാണ്. 50 വയസ്സില്‍ താഴെയുള്ളവരിലാണ് 30 ശതമാനം കിഡ്നി ക്യാന്‍സര്‍ കണ്ടെത്തിയിരിക്കുന്നത്. പുകവലി, അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പാരമ്പര്യമായി വൃക്കയിലെ ക്യാന്‍സര്‍ കണ്ടുവരുന്ന കുടുംബങ്ങളിലുള്ളവര്‍, വൃക്കരോഗത്തിന് കാലങ്ങളായി ചികിത്സ തേടുന്നവര്‍ എന്നിവയാണ് കിഡ്നി ക്യാന്‍സര്‍ സാധ്യത കൂട്ടുന്നത്.
പൊതുവായ ആരോഗ്യ പരിശോധനയും അള്‍ട്രാസൗണ്ട് സ്‌ക്രീനിങ്ങും വഴി ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോഴെ കിഡ്നി ക്യാന്‍സര്‍ തിരിച്ചറിയാം. സാധാരണയായി രോഗത്തിന്റെ ആദ്യഘട്ടങ്ങളില്‍ കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാവില്ല എന്നതാണ് ഈ ക്യാന്‍സറിനെ നേരത്തെ കണ്ടെത്തുന്നതില്‍ നിന്ന് തടയുന്നത്.
അറിയാം കിഡ്‌നി ക്യാന്‍സറിന്‍റെ പ്രധാന ലക്ഷണങ്ങള്‍…
മൂത്രത്തില്‍ രക്തം കാണുക, മൂത്രം പിങ്ക്, ചുവപ്പ് അല്ലെങ്കില്‍ കോളയുടെ നിറത്തില്‍ കാണപ്പെടുക, നട്ടെല്ലിന് ഇരുവശത്തായി അനുഭവപ്പെടുന്ന വിട്ടുമാറാത്ത വേദന, വിശപ്പില്ലായ്മ, പെട്ടന്ന് ശരീരഭാരം കുറയുക, ക്ഷീണം, പനി എന്നിവയൊക്കെയാണ് വൃക്കയിലെ കാന്‍സറിന്റെ ലക്ഷണങ്ങള്‍.
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗം പിടിപെട്ടതായി സ്വയം കണക്കാക്കേണ്ടതില്ല. ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യ സഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്തുകയും ആണ് ചെയ്യേണ്ടത്.