കോഴിക്കോട്: സൗദി അറേബ്യ അടക്കമുളള ഇസ്ളാമിക രാജ്യങ്ങളേക്കാള്‍ മതസ്വാതന്ത്ര്യമുളള രാജ്യമാണ് ഇന്ത്യയെന്ന് സമസ്ത എപി വിഭാഗം സെക്രട്ടറി പൊന്‍മള അബ്ദുള്‍ ഖാദര്‍ മുസ്ല്യാരുടെ പ്രസ്താവനയോട് പ്രതികരിച്ച് മുസ്ലിം ലീഗ് നേതാക്കൾ രംഗത്തെത്തി. മുസ്ലീങ്ങൾ രാജ്യത്ത് വെല്ലുവിളികൾ നേരിടാത്തതിന്‍റെ കാരണം ഇന്ത്യയുടെ ഭരണഘടനയുടെ ശക്തിയാണെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടത്. അത് നിലനിർത്താനാണ് ലീഗിന്റെ അടക്കം പോരാട്ടമെന്നും അദ്ദേഹം വിശദീകരിച്ചു. രാജ്യത്തെ ജനാധിപത്യത്തിനും മതേതരത്വത്തിനും ചില ഭീഷണികൾ ഉണ്ടാകുന്നുണ്ട് എന്നാണ് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
കോഴിക്കോട്ട് എസ് എസ് എഫ് സമ്മേളനത്തിൽ ഇന്നലെ സംസാരിക്കവെയാണ് ഇസ്ലാമിക രാജ്യങ്ങളെക്കാൾ ഇന്ത്യ മതസ്വാതന്ത്ര്യമുള്ള നാടാണെന്ന് സമസ്‌ത എ പി വിഭാഗം സെക്രട്ടറി പൊന്‍മള അബ്ദുള്‍ ഖാദര്‍ മുസ്ല്യാർ പറഞ്ഞത്. ഇന്ത്യ പോലെ ഇസ്ലാമിക പ്രവർത്തന സ്വാതന്ത്ര്യമുള്ള മറ്റു രാജ്യങ്ങളില്ലെന്നും ഗൾഫിൽ പോലും ഈ സ്വാതന്ത്ര്യം ലഭിക്കാറില്ലെന്നും പൊന്മള അബ്ദുൽ ഖാദർ മുസ്‌ല്യാർ പറഞ്ഞിരുന്നു. ഇന്ത്യ മതസ്വാതന്ത്ര്യം അനുവദിക്കുന്ന നാടാണെന്നും സൗദി ഉൾപ്പടെയുള്ള ഇസ്‌ലാമിക രാജ്യങ്ങളിൽപോലും ഇവിടുത്തെ സ്വാതന്ത്ര്യമില്ലെന്നും താഴെത്തട്ടുവരെ മതപ്രവർത്തന സ്വാതന്ത്യം മറ്റൊരു രാജ്യത്തുമില്ലെന്നും പൊന്മള അബ്ദുൽ ഖാദർ മുസ്‌ല്യാർ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം സംഘപരിവാർ ന്യൂനപക്ഷങ്ങളെ അടിമച്ചമർത്തുന്ന കാലത്ത് പൊന്മള അബ്ദുൽ ഖാദർ മുസ്‌ല്യാരുടെ പോലുള്ള ഇത്തരം പ്രസ്താവനകൾ അവരെ സഹായിക്കാനാണെന്ന് വിമർശനമുയർന്നിട്ടുണ്ട്. പ്രസ്താവനയെ പൂർണ്ണമായും തള്ളാതെയാണ് ഇപ്പോൾ ലീഗ് നേതാക്കളും വിമർശനം ഉന്നയിച്ചത് എന്നതും ശ്രദ്ധേയമാണ്. ഏക സിവിൽകോഡ് പോലുള്ള വിഷയങ്ങളെച്ചൊല്ലി മുസ്ലിം സംഘടനകൾ ആശങ്ക ഉയർത്തുമ്പോൾ എ പി സുന്നി വിഭാഗം ബി ജെ പി നിലപാടിനെ പിന്തുണയ്ക്കുകയാണെന്നാണ് പൊതുവിലുള്ള ആക്ഷേപം. പ്രസ്താവന വിവാദമായതോടെ രാജ്യത്തിന് വേണ്ടിയുള്ള നിലപാടാണെന്നും സർക്കാർ അനുകൂല നിലപാടല്ലെന്നുമുള്ള വിശദീകരണവുമായി എസ് എസ് എഫ് രംഗത്തെത്തി. രാജ്യത്തെയും ഭരണകൂടത്തെയും രണ്ടായി കാണണമെന്നും ഭരണകൂടത്തോടുളള വിമർശനം തുടരുമെന്നും എസ് എസ് എഫ് പ്രതിനിധി സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു. എസ് എസ് എഫ് സംസ്ഥാന ക്യാമ്പസ് സെക്രട്ടറി അബൂബക്കർ കാടാമ്പുഴയാണ് പ്രമേയം അവതരിപ്പിച്ചത്.