ന്യൂഡൽഹി∙ 2002 ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന ബിബിസിയുടെ ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി സമൂഹമാധ്യമങ്ങളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും വിലക്കിയതിനെതിരായ പൊതുതാൽപ്പര്യ ഹർജികൾ സുപ്രീം കോടതി ഫെബ്രുവരി 6ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്.നരസിംഹ, ജെ.ബി.പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഭിഭാഷകനായ എം.എല്‍.ശര്‍മ, മുതിർന്ന അഭിഭാഷകൻ സി.യു.സിങ് എന്നിവരാണ് ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.റാം, ആക്ടിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര എന്നിവരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഡോക്യുമെന്ററിയെ കുറിച്ചുള്ള എൻ.റാമിന്റെയും പ്രശാന്ത് ഭൂഷണിന്റെയും ട്വീറ്റുകൾ നീക്കം ചെയ്തത് സി.യു.സിങ്ങിന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഐടി ചട്ടപ്രകാരമാണ് സര്‍ക്കാര്‍ ഡോക്യുമെന്‍ററി വിലക്കിയത്. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നിഷേധമാണ്. ഇരകളുടെയും മുന്‍ പൊലീസ് ഉദ്യോഗസ്ഥരുടെയും അഭിമുഖങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സ്വതന്ത്ര സൃഷ്ടിയാണ് ഡോക്യുമെന്‍ററി. ഡോക്യുമെന്ററിക്ക് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയത് ഭരണഘടനാ വിരുദ്ധമാണെന്നും എം.എൽ.ശർമയുടെ ഹർജിയിൽ പറയുന്നു. ഡോക്യുമെന്ററിയുടെ ഒന്നും രണ്ടും ഭാഗങ്ങൾ പരിശോധിക്കണമെന്നും 2002ലെ ഗുജറാത്ത് കലാപത്തിൽ നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.