ദില്ലി: ഗൊരഖ്നാഥ് ക്ഷേത്ര ആക്രമണ കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ച് എൻഐഎ കോടതി. അഹമ്മദ് മുർതാസ അബ്ബാസിയെയാണ് ലഖ്‌നൗവിലെ പ്രത്യേക എൻഐഎ കോടതി വധശിക്ഷക്ക് വിധിച്ചത്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ശ്രമിച്ചതിനാണ് അബ്ബാസിക്ക് വധശിക്ഷ ലഭിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ക്ഷേത്രത്തിലെ സുരക്ഷ ജീവനക്കാരനെ ഇയാൾ ആക്രമിച്ചത്.
ഐപിസി 121-ാം വകുപ്പ് പ്രകാരമാണ് പ്രതിക്ക് വധശിക്ഷ വിധിച്ചതെന്ന് യുപി എഡിജി (ലോ ആൻഡ് ഓർഡർ) പ്രഷൻ കുമാർ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് സെക്ഷൻ 307 പ്രകാരം പ്രതിക്ക് ജീവപര്യന്തം തടവും വിധിച്ചു. ഗൊരഖ്പൂരിലെ ഗൊരഖ്‌നാഥ് ക്ഷേത്രത്തിൽ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരെയാണ് പ്രതികൾ ആക്രമിച്ചത്. കെമിക്കൽ എൻജിനീയറായ അഹ്മദ് മുർതാസയെ സംഭവത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിക്ക് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്ന് തെളിഞ്ഞിരുന്നു. ഇയാൾ ഐഎസിന് വേണ്ടി പോരാടുമെന്ന് പ്രതിജ്ഞയെടുക്കുകയും തീവ്രവാദ സംഘടനയെ പിന്തുണയ്ക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകുകയും ചെയ്തെന്നു എൻഐഎ കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.