ദില്ലി : പല രാജ്യങ്ങളിലെയും പ്രബല കോവിഡ് വകഭേദമായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ് ഒമിക്രോണ്‍. എന്നാല്‍ ഉയര്‍ന്ന വ്യാപന ശേഷിയുള്ള ഈ വകഭേദം മൂലമുണ്ടാകുന്ന രോഗബാധ മിതമായ തോതിലാണെന്നാണ് ഇതുവരെ പുറത്തു വന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചെറിയ പനി, തൊണ്ട വേദന, ശരീര വേദന, രാത്രിയില്‍ അമിതമായ വിയര്‍പ്പ്, ഛര്‍ദ്ദി, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളാണ് ഒമിക്രോണ്‍ മൂലം പൊതുവായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ചുമ, ക്ഷീണം, മൂക്കടപ്പ്, മൂക്കൊലിപ്പ് തുടങ്ങിയവയാണ് ഒമിക്രോണിന്‍റെ ലക്ഷണങ്ങളെന്ന് അമേരിക്കയിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും പറയുന്നു. ഇവയില്‍ പലതും സാധാരണ ജലദോഷ പനിയുടെ ലക്ഷണങ്ങള്‍ക്ക് സമാനമായതിനാല്‍ ഭയപ്പെടാനില്ലെന്ന് പലരും കരുതുന്നു. എന്നാല്‍ രോഗബാധ തീവ്രമല്ല എന്നത് അലംഭാവത്തിന് കാരണമാകരുതെന്നും ഒമിക്രോണിനെ നിസ്സാരമായി എടുക്കരുതെന്നും ലോകാരോഗ്യ സംഘടന മുന്നറയിപ്പ് നല്‍കിയിട്ടുണ്ട്.
മിതമായ ലക്ഷണങ്ങളുമായി വരുന്ന ഒമിക്രോണ്‍ കോവിഡ് ബാധ ദീര്‍ഘകാല കോവിഡിലേക്ക് നയിക്കാനുള്ള സാധ്യതകളും പകര്‍ച്ചവ്യാധി വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. നാലാഴ്ചയില്‍ അധികം തുടരുന്ന കോവിഡ് ലക്ഷണങ്ങളെയാണ് ദീര്‍ഘകാല കോവിഡ് ബാധ അഥവാ ലോങ് കോവിഡ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഏത് വകഭേദവും ദീര്‍ഘകാല കോവിഡിലേക്ക് നയിക്കാമെന്നും ഇതില്‍ ഡെല്‍റ്റ, ബീറ്റ, ഒമിക്രോണ്‍ എന്ന തരംതിരിവില്ലെന്നും അമേരിക്കയിലെ പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ. ആന്‍റണി ഫൗച്ചി പറയുന്നു. രോഗലക്ഷണങ്ങളോടു കൂടി കോവിഡ് വരുന്നവരില്‍ 10 മുതല്‍ 30 ശതമാനം പേര്‍ക്ക് ലക്ഷണങ്ങള്‍ തുടരാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രോഗലക്ഷണങ്ങളില്ലാതെ കോവിഡ് വരുന്നവര്‍ക്കും പിന്നീട് ദീര്‍ഘകാല കോവിഡ് വരാമെന്ന് സിഡിസിയും വിശദീകരിക്കുന്നു. ശ്വാസംമുട്ടല്‍, ക്ഷീണം, എന്തിലെങ്കിലും ശ്രദ്ധിക്കാനുള്ള ബുദ്ധിമുട്ട്, ഉറക്കമില്ലായ്മ, തലച്ചോറിന് ആശയക്കുഴപ്പമുണ്ടാക്കുന്ന ബ്രെയിന്‍ ഫോഗ് എന്നിവയെല്ലാം ദീര്‍ഘകാല കോവിഡിന്‍റെ ഫലമായി വരുന്ന ലക്ഷണങ്ങളാണ്.
ചിലര്‍ക്ക് മണവും രുചിയും പൂര്‍ണമായും നഷ്ടമാകുന്ന അവസ്ഥയുമുണ്ട്. കോവിഡ് വാക്സീനുകള്‍ രോഗതീവ്രതയ്ക്കും ആശുപത്രിവാസത്തിനുമുള്ള സാധ്യത കുറയ്ക്കുമെങ്കിലും ദീര്‍ഘകാല കോവിഡിന്‍റെ സാധ്യത വാക്സീന്‍ എടുത്തവരിലും നിലനില്‍ക്കുന്നു. വാക്സീന്‍ എടുത്ത ശേഷം കോവിഡ് വരുന്ന ബ്രേക്ക്ത്രൂ അണുബാധ കേസുകളിലും ദീര്‍ഘകാല കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡ് മുന്‍കരുതലുകള്‍ പിന്തുടര്‍ന്നും വാക്സീന്‍ എടുത്തും വൈറസ് പിടിപെടാതെ നോക്കുക എന്നതു മാത്രമാണ് ദീര്‍ഘകാല കോവിഡില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു .