തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ യൂത്ത് ലീഗ് നടത്തിയ മാർച്ചിലെ 2 മുതൽ 29 വരെയുള്ള പ്രതികൾക്ക് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അതേസമയം, ഒന്നാം പ്രതിയായ യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസിനു ജാമ്യം ലഭിച്ചിട്ടില്ല. ഒന്നാം പ്രതിയുടെ ജാമ്യഹർജി കോടതിയിൽ ഫയൽ ചെയ്തിട്ടില്ല.
കുറ്റപത്രം സമർപ്പിക്കുന്നതു വരെ പ്രതികൾ എല്ലാ ശനിയാഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ ഹാജരാകണം. ഓരാ പ്രതിയും 25,000 രൂപയും രണ്ട് ജാമ്യക്കാരെയും ഹാജരാക്കണം. പ്രതികൾ 2586 രൂപ വീതം പിഴ അടയക്കണം. ജാമ്യം ലഭിച്ച 28 പ്രതികളും ചേർന്ന് 72,408 രൂപ കോടതിയിൽ കെട്ടിവയ്ക്കണം. ജനുവരി 18നാണ് യൂത്ത് ലീഗിന്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ അക്രമമുണ്ടായത്.