ദില്ലി: അദാനി വിഷയത്തിൽ പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി രംഗത്ത്. അദാനിയുടെ അടുത്ത സുഹൃത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും അതുകൊണ്ട് തന്നെ അദാനി നടത്തിയ സാമ്പത്തിക ക്രമക്കേടുകൾക്ക് പ്രധാനമന്ത്രി കൂട്ടുനിൽക്കുന്നുണ്ടെന്നും എ എ പി ആവശ്യപ്പെട്ടു. എൽ ഐ സി യിൽ വിശ്വസിച്ച സാധാരണ ജനങ്ങളോട് പ്രധാനമന്ത്രി മറുപടി പറയണമെന്നും അദാനിയുടെ പാസ്പോർട്ട് റദ്ദാക്കണമെന്നും ആപ്പ് നേതാക്കൾ ആവശ്യപ്പെട്ടു.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചതിന് പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടി അദാനി വിഷയത്തിൽ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. എ എ പിക്കൊപ്പം ബി ആർ എസും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചിരുന്നു. കേന്ദ്രസർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് അഭിസംബോധന ബഹിഷ്കരിക്കുന്നതെന്ന് ഇരു പാർട്ടികളുടെയും നേതാക്കൾ വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് ദില്ലിയിലേക്ക് വരാനിരിക്കവെ കശ്മീരിലെ കാലാവസ്ഥ പ്രശ്നങ്ങളെ തുടർന്ന് വിമാനം റദ്ദായതിനാല്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് മല്ലിക്കാർജ്ജുൻ ഖർഗെ ഉള്‍പ്പെടയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ യു പി എ അധ്യക്ഷ സോണിയഗാന്ധി നയപ്രഖ്യാപന പ്രസംഗത്തില്‍ പങ്കെടുത്തു.
ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന രാജ്യമായി ഇന്ത്യ വളർന്നുവെന്നും ഇതിന് കാരണം ഇന്നത്തെ ദൃഢനിശ്ചയമുള്ള സർക്കാർ ആണെന്നുമാണ് രാഷ്‌ട്രപതി ദ്രൗപതി മുർമു നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞത്. പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുള്ള ആദ്യപ്രസംഗത്തിൽ രാഷ്‌ട്രപതി കേന്ദ്ര സർക്കാരിന്‍റെ ഭരണനേട്ടങ്ങൾ ദ്രൗപതി മുർമു എണ്ണിപ്പറഞ്ഞു. അതിർത്തികളിൽ ഇന്ത്യ ശക്തമാണെന്നും ഭീകരതയെ ധീരമായി നേരിടുന്ന സർക്കാർ കശ്മീരിൽ സമാധാനം കൊണ്ടുവന്നു എന്നും രാഷ്ട്രപതി ചൂണ്ടികാട്ടി. മിന്നലാക്രമണത്തിലും മുത്തലാഖ് നിരോധനത്തിലും കണ്ടത് സർക്കാരിന്റെ ദൃഢനിശ്ചയം ആയിരുന്നു എന്നും പറഞ്ഞ രാഷ്ട്രപതി, അഴിമതി സാമൂഹികനീതിയുടെ മുഖ്യശത്രു ആണെന്ന മുന്നറിയിപ്പും നടത്തി.