പാലക്കാട്: തൃത്താല മേഖലയിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തി കള്ളൻമാർ വിലസുന്നു. ഒരാഴ്ച്ചക്കിടെ അഞ്ച് വീടുകളിലാണ് മോഷണം നടന്നത്. കള്ളൻമാരെ ഭയന്ന് ഉറക്കമൊഴിച്ച് കാവലിരിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ.
കുമ്പിടി മേലഴിയം ഭാഗത്തെ നാല് വീടുകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ മോഷണ പരമ്പര അരങ്ങേറിയത്. മേലഴിയം മണികണ്ഠൻ്റെ വീട്ടിലെ രണ്ട് മോട്ടോറുകളും ഒരു കംപ്രസ്സർ മോട്ടോറുമാണ് മോഷണം പോയത്. സമീപത്തെ താമി, ഭാസ്കരൻ എന്നിവരുടെ വീടുകളിലെ വിലപിടിപ്പുള്ള ചെമ്പ് പാത്രങ്ങളും മോഷണം പോയി. ഈ പ്രദേശത്തെ തന്നെ ബാലൻ്റെ വീട്ടിൽ നിന്നും ഒരു ചാക്ക് അടക്കയാണ് നഷ്ടപ്പെട്ടത്.
ഞായറാഴ്ച പുലർച്ചെ കുമരനെല്ലൂർ വലിയപ്പീടികയിൽ മെയ്തീൻകുട്ടിയുടെ വീട് കുത്തി തുറന്നും മോഷണം ശ്രമം ഉണ്ടായി. വീടിന്റെ പിൻവാതിൽ വഴി കയറിയ കള്ളൻ ഗ്രില്ലിന്റെ പൂട്ട് പൊളിച്ച് അകത്തു കയറി വാതിൽ കുത്തിപ്പൊളിക്കുകയായിരുന്നു. വാതിൽ പൊളിക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നെങ്കിലും മോഷണശ്രമമെന്ന് മനസിലാക്കാനായില്ല. വീട്ടുകാർ ഉണർന്നു എന്ന് മനസിലാക്കിയ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. തൃത്താല ഞാങ്ങാട്ടിരി ഭാഗത്ത് നിന്നും സുരേന്ദ്രന്റെ വീട്ടിൽ നിന്നും അടക്ക മോഷണം പോയിട്ടുണ്ട്. മോഷണം തുടർക്കഥയായതോടെ നാട്ടുകാർ പരിഭ്രാന്തിയിലാണ്. പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും മോഷണം തടയാനോ കള്ളൻമാരെ പിടികൂടാനോ സാധിക്കുന്നില്ല. പൊലീസ് രാത്രി കാല പട്രോളിങ്ങ് കൂടുതൽ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.