ഭോപ്പാൽ: കളിച്ചു കൊണ്ടിരുന്നപ്പോൾ സാരി അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങി ഏഴുവയസ്സുള്ള പെൺകുട്ടിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ അനുപ്പൂർ ജില്ലയിലാണ് സംഭവം. അമ്മ വീടിനകത്ത് ജോലി ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് പെൺകുട്ടി സാരി കൊണ്ട് കളിക്കുകയായിരുന്നു. പക്കാരിയ ഗ്രാമത്തിൽ, തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന് കോട്മ പോലീസ് സ്റ്റേഷൻ ഇൻചാർജ് അജയ് ബൈഗ പറഞ്ഞു. പെൺകുട്ടിയുടെ അമ്മ വീടിനകത്ത് ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.
വീടിന്റെ പുറം ഭിത്തിയിൽ ഘടിപ്പിച്ച മുളയിൽ കെട്ടിയ സാരി ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തിൽ അത് കഴുത്തിൽ കുരുങ്ങിയെന്നാണ് പെൺകുട്ടിയുടെ വീട്ടുകാരുടെ മൊഴി. തൂങ്ങിയ നിലയിൽ കണ്ടെത്തിയ കുട്ടിയെ കോട്മ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.