ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പെഷാവാർ സ്ഫോടനത്തിൽ മരണ സംഖ്യ 100 കടന്നു. 200ലേറെ പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസമാണ് പാകിസ്ഥാനെ ഞെട്ടിച്ച് പെഷാവാറിലെ അതീവ സുരക്ഷാ മേഖലയിലെ സുന്നി പള്ളിക്കുള്ളിൽ ചാവേർ ആക്രമണം നടന്നത്. ഉച്ചക്ക് ശേഷവമുള്ള പ്രാർഥനക്കായി വിശ്വാസികൾ ഒത്തുകൂടിയപ്പോഴാണ് സ്ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് താലിബാൻ രംഗത്തെത്തിയിരുന്നു. മൃതദേഹങ്ങൾക്കായുള്ള തിരച്ചിലിനിടെ ചാവേറായി പൊട്ടിത്തെറിച്ച ഭീകരനെന്ന് സംശയിക്കുന്നയാളുടെ തല ലഭിച്ചെന്ന് അധികൃതർ അറിയിച്ചു. പള്ളിക്കുള്ളിൽ പ്രവേശിച്ച ഇയാൾ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ പള്ളിയുടെ മേൽക്കൂര തകർന്ന് ആളുകൾക്ക് മുകളിൽ വീണതാണ് മരണസംഖ്യ വർധിക്കാൻ കാരണം.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാൻ രംഗത്തെത്തിയിരുന്നു. തെഹരീകെ താലിബാൻ പാകിസ്ഥാൻ (ടിടിപി) നേതാവായിരുന്ന ഉമർഖാലിദ് ഖുറസാനിയുടെ സഹോദരനാണ് ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയത്. ഉമർഖാലിദ് ഖുറസാനി ഓഗസ്റ്റിൽ അഫ്ഗാനിൽവെച്ച് കൊല്ലപ്പെട്ടിരുന്നു. സഹോദരന്റെ മരണത്തിനുള്ള പ്രതികാരമാണ് സ്ഫോടനം നടത്തിയതെന്നും സംഘടന അറിയിച്ചു. പാകിസ്ഥാൻ താലിബാൻ എന്നറിയപ്പെടുന്ന നിരോധിത സംഘടനയായ ടിടിപി നേരത്തെയും നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും കരസേനാ മേധാവി ജനറൽ അസിം മുനീറും പെഷവാറിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. സൈനിക മേധാവിയോടൊപ്പം പ്രധാനമന്ത്രി പെഷവാറിലെ ലേഡി റീഡിംഗ് ഹോസ്പിറ്റൽ സന്ദർശിച്ചു. ആഭ്യന്തര മന്ത്രി റാണ സനാഉല്ലയും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചതായി വാർത്താവിതരണ മന്ത്രി മറിയം ഔറംഗസേബ് ട്വീറ്റ് ചെയ്തു.