കോട്ടയം : സാമൂഹികമാധ്യമങ്ങൾ വഴി പരിചയപ്പെട്ട് പങ്കാളികളെ പരസ്പരം കൈമാറിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ പരാതി നൽകിയ വീട്ടമ്മയെ ഇതുവരെ ഒമ്പതുപേർ പീഡിപ്പിച്ചതായാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇവരിൽ ആറുപേരെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽനിന്നുള്ളവരാണ് ഇവർ. കേസിലെ ബാക്കി പ്രതികൾ ഒളിവിലാണ്. ഇതിലൊരാൾ വിദേശത്തേക്ക് കടന്നതായും വിവരങ്ങളുണ്ട്. പരാതിക്കാരിയെ പീഡിപ്പിച്ച ഒമ്പതുപേരിൽ അഞ്ചുപേരും ഭാര്യമാരുമായാണ് എത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഭാര്യമാരെ പരസ്പരം കൈമാറി ഇവർ ലൈംഗികബന്ധത്തിലേർപ്പെടുകയായിരുന്നു. എന്നാൽ ബാക്കി നാലുപേർ തനിച്ചാണ് വന്നത്. ഇങ്ങനെ വരുന്നവരെ സ്റ്റഡ് എന്നാണ് വിളിക്കുന്നത്. യുവതികളുമായി ശാരീരികബന്ധത്തിലേർപ്പെടണമെങ്കിൽ ഇവർ 14000 രൂപയാണ് നൽകേണ്ടത്. ഇത്തരത്തിൽ നിരവധി പേരാണ് സാമൂഹികമാധ്യമങ്ങളിലെ ഗ്രൂപ്പുകൾ വഴി ഇത്തരം പ്രവൃത്തികളിലേർപ്പെടുന്നതെന്നും പോലീസ് പറയുന്നു.
ഫെയ്സ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവിടങ്ങളിലാണ് പങ്കാളികളെ കൈമാറുന്നവരുടെ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. മീറ്റ് അപ്പ് കേരള, കപ്പിൾ മീറ്റ് കേരള, കുക്ക് ഹോൾഡ് കേരള, റിയൽ മീറ്റിങ് തുടങ്ങിയ പേരുകളിലാണ് ഈ ഗ്രൂപ്പുകൾ. ഇതിൽ അംഗമാകുന്നവർ ചിത്രങ്ങൾ അയച്ചുനൽകിയും സന്ദേശങ്ങൾ അയച്ചും പരസ്പരം പരിചയപ്പെടും. തുടർന്ന് പങ്കാളികളെ കൈമാറാൻ താത്പര്യമുണ്ടെന്ന് അറിയിക്കും. എത്തിച്ചേരുന്ന സ്ഥലവും മറ്റുവിവരങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ കൈമാറുകയും ചെയ്യും. ആയിരക്കണക്കിന് പേരാണ് ഇത്തരം ഗ്രൂപ്പുകളിൽ അംഗങ്ങളായിട്ടുള്ളത്. ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിൽ പലരും വ്യാജ ഐ.ഡി.കളാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വീടുകളിൽ വിരുന്ന് എന്നപേരിലാണ് ദമ്പതിമാർ ലൈംഗികബന്ധത്തിലേർപ്പെടാനായി ഒത്തുച്ചേരുന്നത്. കുട്ടികളുമായാണ് ഇവർ വീടുകളിൽ എത്തുക. വീടുകൾക്ക് പുറമേ റിസോർട്ടുകളിലും ഹോംസ്റ്റേകളിലും ഇത്തരം ഒത്തുച്ചേരലുകൾ നടക്കുന്നുണ്ട്. കുടുംബവുമായി വരുന്നതിനാൽ ആളുകൾക്ക് സംശയം തോന്നില്ലെന്നതും ഇവർക്ക് സഹായകരമാണ്. ഒരേസമയം ഒന്നിലധികംപേരുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ഭർത്താവ് നിർബന്ധിച്ചെന്നാണ് പരാതിക്കാരി വെളിപ്പെടുത്തിയിരിക്കുന്നത്. പലവിധത്തിലുള്ള ലൈംഗികവൈകൃതങ്ങൾക്കും യുവതി ഇരയായിരുന്നു. മറ്റുള്ളവരുമായി ലൈംഗികബന്ധത്തിന് വിസമ്മതിച്ചാൽ ആത്മഹത്യചെയ്യുമെന്ന് വരെ ഭർത്താവ് ഭീഷണിപ്പെടുത്തി. സംഭവം പുറത്തുപറഞ്ഞാലും താൻ ജീവനൊടുക്കുമെന്നും ഭർത്താവ് പറഞ്ഞിരുന്നു. ഇതിന്റെഭാഗമായി കഴുത്തിൽ കുരുക്കിട്ട ചില ചിത്രങ്ങളും ഭർത്താവ് യുവതിക്ക് അയച്ചുനൽകിയിരുന്നു.