ദോഹ: സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തുന്നവര്‍ക്ക് ഇനി മുതല്‍ ആരോഗ്യ ഇൻഷൂറൻസ് നിര്‍ബന്ധമാക്കാൻ തീരുമാനമായി. എന്നാല്‍ ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഈ നിബന്ധന ബാധകമാകില്ല. ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസ്‍ലമാനിയാണ് ഇക്കാര്യം അറിയിച്ചത്.
ഇൻഷൂറൻസ് ഇല്ലാത്തവര്‍ക്ക് നില അനുവദിക്കില്ലെന്നതാണ് തീരുമാനം. 50 റിയാല്‍ (1124 രൂപ) ആണ് ഒരു മാസത്തേക്ക് ഏറ്റവും കുറഞ്ഞ അടവായി വരുന്നത്. അടിയന്തരാവശ്യങ്ങള്‍, അപകടങ്ങള്‍ എന്നിവയ്ക്ക് മാത്രമാണ് സന്ദര്‍ശകര്‍ക്കായുള്ള ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷയുണ്ടാവുകയെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
കുറഞ്ഞ തുകയാണ് 50 റിയാല്‍. ഇതിലും ഉയര്‍ന്ന തുകയ്ക്ക് ഇൻഷൂറൻസ് പരിരക്ഷ വേണ്ടവര്‍ക്ക് അത് തെരഞ്ഞെടുത്ത് ചേരാവുന്നതാണ്. എന്നാല്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച ഇൻഷൂറൻസ് കമ്പനികളില്‍ നിന്നുള്ള പോളിസികള്‍ക്ക് മാത്രമേ അനുവാദം ലഭിക്കുകയുള്ളൂ.
വിസയെടുക്കുമ്പോള്‍ തന്നെ ഇൻഷൂറൻസ് പോളിസിയും എടുക്കണം. വിസ നീട്ടുന്നതിന് അനുസരിച്ച് പ്രീമിയം അടയ്ക്കുകയും ചെയ്യണം. നേരത്തെ തന്നെ ഖത്തറില്‍ ആരോഗ്യ ഇൻഷൂറൻസുമായി ബന്ധപ്പെട്ട പുതിയ നയങ്ങള്‍ നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയിരുന്നു. ഇതിന്‍റെ ഭാഗമായിട്ടാണ് ഇപ്പോള്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ആരോഗ്യ ഇൻഷൂറൻസ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.