കോവിഡ് വാക്സീന്‍ എടുത്ത ചില സ്ത്രീകളുടെ ആര്‍ത്തവചക്രത്തില്‍ താല്‍ക്കാലികമായ ചില വ്യതിയാനങ്ങളുണ്ടാകാമെന്ന് പഠനം. വാക്സീന്‍ എടുത്ത ശേഷം ചിലരില്‍ സാധാരണയിലും ഒരു ദിവസം വൈകി ആര്‍ത്തവം ഉണ്ടാകാമെന്നും എന്നാല്‍ അടുത്ത ആര്‍ത്തവചക്രത്തിന്‍റെ സമയമാകുമ്പോഴേക്കും ഇത് പഴയ മട്ടിലാകുമെന്നും അമേരിക്കയില്‍ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. ആര്‍ത്തവ ചക്ര വിവരങ്ങള്‍ രേഖപ്പെടുത്തുന്ന നാച്ചുറല്‍ സൈക്കിള്‍സ് എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് 18നും 45നും ഇടയില്‍ പ്രായമുള്ള 4000 സ്ത്രീകളിലാണ് ഗവേഷണം നടത്തിയത്. ഇവരില്‍ 2403 പേര്‍ വാക്സീന്‍ എടുത്തവരും 1500 പേര്‍ വാക്സീന്‍ എടുക്കാത്തവരുമാണ്. വാക്സീന്‍ എടുത്തവരില്‍ 55 ശതമാനം ഫൈസര്‍-ബയോഎന്‍ടെക് വാക്സീനും 35 ശതമാനം മൊഡേണ വാക്സീനും ഏഴ് ശതമാനം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സീനുമാണ് എടുത്തത്. വാക്സീനെടുക്കും മുന്‍പ് തുടര്‍ച്ചയായി മൂന്ന് മാസമുറകള്‍ സാധാരണ കാലയളവില്‍ ഉണ്ടായവരാണ് ഇവര്‍ എല്ലാവരും തന്നെ.
വാക്സീന്‍ എടുത്തത് മൂലം ശരാശരി ഒരു ദിവസത്തിന്‍റെ വ്യതാസം മാത്രമേ ഇവരുടെ ആര്‍ത്തവ ചക്രത്തില്‍ ഉണ്ടാകുന്നുള്ളൂ എന്ന് ഗവേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ രണ്ട് ഡോസ് വാക്സീനും ഒരേ ആര്‍ത്തവചക്രത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയവരില്‍ അപൂര്‍വം ചിലര്‍ക്ക് ഇത് രണ്ട് ദിവസം വരെ നീണ്ടിട്ടുണ്ട്. എന്നാലും ഇത്തരം വ്യതിയാനങ്ങള്‍ അടുത്ത ആര്‍ത്തവചക്രത്തിന്‍റെ സമയം ആയപ്പോഴേക്കും മാറി സാധാരണ നില കൈവരിച്ചതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയ ആലിസണ്‍ എഡര്‍മാന്‍ പറയുന്നു. അമിത രക്തസ്രാവമോ മറ്റ് സങ്കീര്‍ണതകളോ വാക്സീന്‍ മൂലം ആര്‍ത്തവ സമയത്ത് ഉണ്ടാകുന്നില്ലെന്നും ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഒബ്സ്ടെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.