ന്യൂഡൽഹി : ടൂറിസം വികസനത്തിനു കേന്ദ്രബജറ്റിൽ വിവിധ പദ്ധതികൾ. ബജറ്റിൽ പ്രഥമ പരിഗണന നൽകുന്ന മേഖലകളിലൊന്ന് ടൂറിസമാണെന്നു വ്യക്തമാക്കിയ ധനമന്ത്രി, ഒട്ടേറെപ്പേർക്കു തൊഴിൽ ലഭിക്കുന്നതിനും യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും ടൂറിസം വികസനം സഹായകമാവുമെന്നു പറഞ്ഞു.
വിദേശ–ആഭ്യന്തര സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന പദ്ധതികളാണു നടപ്പാക്കുക. ആകെ 2400 കോടി രൂപയാണു ടൂറിസം വികസനത്തിന് ഈ വർഷം ബജറ്റിൽ വകയിരുത്തിയത്.
സംസ്ഥാനങ്ങളുടെ സഹകരണത്തോടെയും പൊതു–സ്വകാര്യ പങ്കാളിത്തത്തോടെയും പദ്ധതികൾ നടപ്പാക്കും. രാജ്യത്തെ 50 ടൂറിസ്റ്റ് കേന്ദ്രങ്ങൾ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടെ ‘സമ്പൂർണ പാക്കേജ്’ രീതിയിൽ വികസിപ്പിക്കും. മത്സരാടിസ്ഥാനത്തിലാണ് കേന്ദ്രങ്ങളെ തിരഞ്ഞെടുക്കുക.
പ്രധാന ബജറ്റ് നിർദേശങ്ങൾ
1) യൂണിറ്റി മാൾ : തലസ്ഥാനങ്ങളിലോ പ്രധാന ടൂറിസം കേന്ദ്രത്തിലോ യൂണിറ്റി മാൾ സ്ഥാപിക്കാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും. ‘ഒരു ജില്ല, ഒരു ഉൽപന്നം’എന്ന രീതിയിൽ നിർമിച്ച ഉൽപന്നങ്ങൾ, ഭൗമസൂചിക പദവിയുള്ള (ജിഐ ടാഗ്) ഉൽപന്നങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയുടെ വിൽപനയ്ക്ക് മാളുകളിൽ സൗകര്യമൊരുക്കും.
2) ടൂറിസ്റ്റ് ആപ്: ഗൈഡുകൾ, ഭക്ഷണം, സുരക്ഷ, ടൂറിസം കേന്ദ്രത്തിന്റെ വിശദാംശങ്ങൾ എന്നിവ ടൂറിസ്റ്റ് ആപ്പിൽ ലഭ്യമാക്കും.
3) ദേഖോ അപ്നാ ദേശ്: ഓരോ പ്രദേശത്തിന്റെയും നൈപുണ്യവും സംരംഭകത്വ വികസനവും പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതി.
4) ഊർജസ്വല ഗ്രാമങ്ങൾ : അതിർത്തി പ്രദേശങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും.