തിരുവനന്തപുരം : സര്‍ക്കാരിനെ വിശ്വസിച്ച് കെടിഡിഎഫ് സിയിൽ പണം നിക്ഷേപിച്ചവര്‍ ആശങ്കയില്‍. പലിശപോലും നല്‍കാന്‍ പണമില്ലാതെ കോര്‍പറേഷന്‍റെ ധനകാര്യ അടിത്തറ തകര്‍ന്നു. വാടക ഇനത്തില്‍ പിരിഞ്ഞുകിട്ടേണ്ട പണവും കിട്ടാതെ വന്നതോടെ ജീവനക്കാരുടെ ശമ്പളം മുടങ്ങിക്കിടക്കുകയാണ്.
രണ്ടുകോടിയോളം രൂപയാണ് നിക്ഷേപകര്‍ക്ക് പലിശ ഇനത്തില്‍ നല്‍കാനുള്ളത്. ഡിസംബര്‍ മുതല്‍ ഇത് മുടങ്ങിക്കിടക്കുകയാണ്. നിക്ഷേപകരില്‍ ഭൂരിഭാഗവും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യക്തികളും സ്ഥാപനങ്ങളുമാണ്. പലരും കേരള സര്‍ക്കാരിന്‍റെ ഗ്യാരണ്ടി വിശ്വസിച്ചാണ് വന്‍തുക നിക്ഷേപിച്ചത്. എന്നാല്‍ കാലാവധിയെത്തിയ നിക്ഷേപത്തുക തിരിച്ചുനല്‍കാനോ പലിശ മാത്രമെങ്കിലും നല്‍കാനോ ഈ പൊതുമേഖലാസ്ഥാപനത്തില്‍ പണമില്ല. ഫോണ്‍ ചെയ്ത് അന്വേഷിക്കുന്നവരുടെ ചീത്തകേട്ട് ജീവനക്കാര്‍ മടുത്തു. എങ്കിലും ഫോണ്‍ എടുക്കാതിരിക്കരുതെന്ന നിര്‍ദേശം സര്‍ക്കുലര്‍ വഴി നല്‍കിയിരിക്കുകയാണ് എംഡി. തമ്പാനൂരിലെ കെസ്ആര്‍ടിസി ടെര്‍മിനലില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറേറ്റ് വാടക ഇനത്തില്‍ നല്‍കാനുള്ളത് ഒന്നരക്കോടി രൂപയാണ്. അങ്കമാലിയിലെ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ണിവല്‍ സിനിമാസ് അടയ്ക്കാനുള്ളത് രണ്ടരക്കോടിയോളം രൂപയും. ഇതൊന്നും പിരിച്ചെടുക്കാനുള്ള കെല്‍പ്പ് കെടിഡിഎഫ്സിയുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് ഇല്ലെന്നും ഇതാണ് പ്രതിസന്ധിക്ക് കാരണമാകുന്നതെന്നുമാണ് ഉയരുന്ന ആക്ഷേപം.