ഇൻസ്റ്റഗ്രാം ഇപ്പോൾ വളരെ അധികം സജീവമാണ്. ഇവിടെ ഒരു 23 -കാരി നിരവധി വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി. പിന്നീട് കാണാൻ തന്നെപ്പോലെ ഇരിക്കുന്ന യുവതികൾക്കായി തെരച്ചിൽ തുടങ്ങി. അങ്ങനെ ഒരു യുവതിയെ കണ്ടെത്തി കൊന്ന ശേഷം തന്റെ മരണം വ്യാജമായി കെട്ടിച്ചമച്ചു.
മ്യൂണിക്കിൽ താമസിക്കുന്ന 24 -കാരിയായ ഷഹ്റബാൻ കെ എന്ന ജർമ്മൻ യുവതിയാണ് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് സൃഷ്ടിച്ചത്. തന്നെപ്പോലെ ഇരിക്കുന്ന ഒരാളെ കണ്ടെത്താൻ അനേകം പ്രൊഫൈലുകൾ ഷഹ്റബാൻ പരിശോധിച്ചിരുന്നു. ഇതിനെല്ലാം ഒടുവിലാണ് നൂറ് മൈൽ അകലെ താമസിക്കുന്ന അൾജീരിയൻ ബ്ലോഗറും 23 -കാരിയുമായ ഖദിജയെ കണ്ടെത്തിയത്.
കഴിഞ്ഞ ആഗസ്തിലാണ് ജർമ്മനിയിലെ ഇൻഗോൾസ്റ്റാഡിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്ന മെഴ്സിഡസിനകത്ത് രക്തത്തിൽ കുളിച്ച ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ബ്യൂട്ടീഷനായ ഷഹറബൻ ആണ് കൊല്ലപ്പെട്ടത് എന്ന് എല്ലാവരും കരുതി.
പിന്നീട് നടത്തിയ അന്വേഷണത്തിൽ അത് ഖദീജയാണ് എന്ന് കണ്ടെത്തുകയായിരുന്നു. ഷഹറാബാനും കാമുകൻ ഷെക്കിറും ഖദീജയെ സമീപിച്ച ശേഷം സൗന്ദര്യവർധക വസ്തുക്കൾ നൽകാനെന്ന വ്യാജേന അവളെ കൂട്ടിക്കൊണ്ടു പോയി. തിരികെ വരുന്ന വഴിക്ക് കാട്ടിൽ തടഞ്ഞുവച്ച ശേഷം അവർ അവളെ 50 -ലധികം തവണ കുത്തുകയായിരുന്നുവെന്ന് കണ്ടെത്തി.
ഷഹറബനാണ് എങ്കിൽ വീട്ടിൽ പറഞ്ഞത് താൻ തന്റെ മുൻഭർത്താവിനെ കാണാൻ പോകുന്നു എന്നാണ്. എന്നാൽ, ഏറെ കഴിഞ്ഞിട്ടും അവൾ തിരികെ വരാതായപ്പോൾ വീട്ടുകാർ അന്വേഷിച്ചു. അന്വേഷണത്തിൽ കാറിൽ മരിച്ച നിലയിൽ അവളെ കണ്ടെത്തുകയായിരുന്നു. ശരിക്കും അത് ഷഹറബനല്ല, ഖദീജയാണ് എന്ന് അവർ തിരിച്ചറിഞ്ഞില്ല.
എന്നാൽ, പിന്നീട് നടന്ന അന്വേഷണത്തിൽ കൊല്ലപ്പെട്ടത് ഖദീജയാണ് എന്നും കൊലപ്പെടുത്തിയത് ഷഹറബാനും കാമുകനും കൂടി ചേർന്നാണ് എന്നും കണ്ടെത്തുകയായിരുന്നു. എന്നാൽ, എന്തുകൊണ്ടാണ് തന്നെപ്പോലെ ഇരിക്കുന്ന ഒരാളെ കണ്ടെത്തി കൊന്ന ശേഷം താൻ മരിച്ചു എന്ന് വരുത്തിത്തീർക്കാൻ ഷഹറബൻ ശ്രമിച്ചത് എന്നത് വ്യക്തമായിട്ടില്ല. കുടുംബപ്രശ്നം എന്ന് മാത്രമാണ് നിലവിൽ പൊലീസ് നൽകുന്ന വിവരം.