നെടുങ്കണ്ടം : ടൂറിസ്റ്റ് ബസിന്റെ തകരാർ പരിഹരിക്കുന്നതിനിടെ ബസിന്റെ പിൻവശത്തെ ടയർ ഘടിപ്പിച്ചിരിക്കുന്ന എയർ സസ്പെൻഷനിൽ ഡ്രൈവറുടെ തല കുടുങ്ങി. വാഹനത്തിന്റെ ബോഡി താഴ്ന്നതോടെ ഡ്രൈവർ പൂർണമായും ബസിനടിയിലായി. അഗ്നിരക്ഷാസേനയെത്തി ബസ് ഉയർത്തിയാണ് അപകടം കൂടാതെ ഡ്രൈവറെ പുറത്തെടുത്തത്. രാമക്കൽമെട്ട് തോവാളപ്പടിയിലാണ് സംഭവം. ബസിന്റെ അടിയിൽ ടയറുകൾ ഘടിപ്പിച്ചിരിക്കുന്ന ആക്സിലുകളുടെ ഇടയിലാണ് ഡ്രൈവറുടെ കഴുത്തിന് മുകളിലേക്കുള്ള ഭാഗം കുടുങ്ങിയത്. ബസ് ഡ്രൈവറായ മലപ്പുറം സ്വദേശി നിസാർ മുഹമ്മദ് (25) ആണ് അപകടത്തിൽപ്പെട്ടത്. 45 മിനിട്ട് നിസാറിന്റെ കഴുത്ത് ബസിനടിയിൽ യന്ത്രഭാഗങ്ങളുടെ ഇടയ്ക്ക് കുടുങ്ങിക്കിടന്നു. കഴുത്തിന് നിസ്സാര പരിക്കുകളേയുള്ളൂ. മലപ്പുറത്ത് നിന്ന് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനത്തിന് എത്തിയ സംഘത്തിന്റെ ബസ് ഡ്രൈവറാണ് നിസാർ.
രാമക്കൽമെട്ടിൽ സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നതിനിടെ വാഹനത്തിന് തകരാർ കണ്ടെത്തി. തോവാളപ്പടിയിൽ റോഡരുകിൽ ബസ് പാർക്ക് ചെയ്ത ശേഷം ബസിന്റെ ടയറുകളും യന്ത്രഭാഗങ്ങളും പരിശോധിച്ചു. ഇതിനിടെ ബസിന്റെ എയർ സസ്പെൻഷൻ സംവിധാനത്തിൽ തകരാർ സംഭവിച്ച് ആക്സിലുകളുടെ ഇടയിലുള്ള ഭാഗങ്ങൾ അടുത്തു. ഇതിനിടയിൽ നിസാറിന്റെ കഴുത്തിന് മുകളിലേക്കുള്ള ഭാഗം കുടുങ്ങി. ഡ്രൈവറെ ബസിനടിയിൽനിന്ന് പുറത്തേക്ക് കാണാതെ വന്നതോടെ യാത്രക്കാരിൽ ചിലരെത്തി പരിശോധിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. ഉടൻതന്നെ തോവാളപ്പടി നിവാസികൾ നെടുങ്കണ്ടം അഗ്നിരക്ഷാസേനയെ അറിയിച്ചു. അഗ്നിരക്ഷാസേന ഹൈഡ്രോളിക് ജാക്കി എത്തിച്ച് ബസിന്റെ ഒരു വശം ഉയർത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരായ അജിഖാൻ, വി.അനിഷ്, സണ്ണി വർഗീസ്, ടി.അജേഷ്, രാമചന്ദ്രൻ നായർ എന്നിവരടങ്ങിയ സംഘവും തോവാളപ്പടി നിവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.