പനജി : നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ഗോവ ബിജെപിയിൽനിന്ന് കോൺഗ്രസിലേക്ക് ഒഴുക്ക്. യുവമോർച്ച ദേശീയ എക്സിക്യൂട്ടീവ് അംഗം ഗജാനൻ ടിൽവേ കോൺഗ്രസിൽ ചേർന്നു. ഇന്നലെ വൈകിട്ടോടെയാണ് ഗജാനന്റെ കോൺഗ്രസ് പ്രവേശനം. ബിജെപിക്ക് യാതൊരു മൂല്യങ്ങളും ഇല്ലെന്നും അധികാരം പിടിക്കാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവ് ദിഗംബര്‍ കാമത്ത്, ഗോവയുടെ ചുമതലയുള്ള ദിനേശ് ഗുണ്ടറാവു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ വരദ് മര്‍ഗോല്‍ക്കര്‍ തുടങ്ങിയ നേതാക്കള്‍ ഗജാനനെ പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്തു. ഇതിനു പുറമേ സങ്കേത് പര്‍സേക്കര്‍, വിനയ് വൈങൻകര്‍, ഓം ചോദൻകര്‍, അമിത് നായിക്, സിയോണ്‍ ഡയസ്, ബേസില്‍ ബ്രാഗന്‍സ, നിലേഷ് ധര്‍ഗാല്‍ക്കര്‍, പ്രതീക് നായിക്, നീലകാന്ത് നായിക് എന്നീ നേതാക്കളും കോണ്‍ഗ്രസിലേക്കു ചേക്കേറി.
അധികാരത്തിനായി എന്തും ചെയ്യുന്ന പാർട്ടിയാണ് ബിജെപി. ബിജെപിയിൽ യാതൊരു മൂല്യങ്ങളും അടങ്ങിയിട്ടില്ല. അതാണ് കോണ്‍ഗ്രസിലേക്ക് ചേക്കേറാൻ പ്രേരിപ്പിച്ചത്. സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷത്തോടെ കോൺഗ്രസ് ഗോവയിൽ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.– ഗജാനൻ പറഞ്ഞു. ഗജാനൻ വരുന്നത് കോൺഗ്രസിന് കൂടുതൽ കരുത്ത് പകരുമെന്ന് ദിനേശ് ഗുണ്ടറാവു അഭിപ്രായപ്പെട്ടു. അതിനിടെ ബിജെപിക്ക് ഇരുട്ടടി എന്നോണം ഗോവ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി മൈക്കിൽ ലോബോയും കോണ്‍ഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. ഇന്നു വൈകിട്ട് നാലിന് അദ്ദേഹം കോൺഗ്രസ് ടിക്കറ്റ് സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. മന്ത്രി സ്ഥാനവും എംഎൽഎ സ്ഥാനവും അദ്ദേഹം രാജിവെച്ചു.