ഭോപ്പാൽ: മദ്യഷോപ്പുകൾക്ക് മുന്നിൽ പശുക്കളെ കെട്ടി മധ്യപ്രദേശിൽ ബിജെപി വനിതാ നേതാവ് ഉമാ ഭാരതിയുടെ സമരം. ഓർച്ചയിലെ മദ്യഷാപ്പിന് മുന്നിലാണ് ഉമാഭാരതി സമരം നടത്തിയത്. മദ്യം വർജിച്ച് പാൽ കുടിയ്ക്കൂവെന്നും ഉമാ ഭാരതി ജനങ്ങളോട് ആഹ്വാനം ചെയ്തു. നിവാരി ജില്ലയിലെ ഓർച്ചയിൽ ഇന്ത്യൻ നിർമിത വിദേശ മദ്യം വിൽക്കുന്ന ഷോപ്പിന് മുന്നിലാണ് ഉമാഭാരതി പശുക്കളെ കെട്ടിയത്. തുടർന്ന് മദ്യം വർജിക്കൂ, പാൽ ശീലമാക്കൂ എന്ന മുദ്രവാക്യം മുഴക്കി. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് മദ്യത്തിനെതിരെയും മദ്യ നയത്തിനുമെതിരെ സമരം ഉമാഭാരതി സമരം ചെയ്യുന്നത് സർക്കാറിനെ വെട്ടിലാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം മദ്യവിൽപന ശാലകൾക്ക് നേരെ ഇവർ ചാണകമെറിഞ്ഞിരുന്നു. സംസ്ഥാനത്ത് മദ്യം നിരോധിക്കണമെന്നാണ് മുൻമുഖ്യമന്ത്രിയുടെ ആവശ്യം. മദ്യപാനം സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമം വർധിപ്പിക്കുന്നതായും ഉമാഭാരതി പറഞ്ഞു. ഉമാഭാരതിയുടെ സമ്മർദ്ദത്തെ തുടർന്ന് സർക്കാർ മദ്യനയം പ്രഖ്യാപിക്കുന്നത് നീട്ടിവെച്ചിരിക്കുകയാണ്. മദ്യനയത്തിൽ മദ്യഷാപ്പുകൾക്കെതിരെ നടപടിയില്ലെങ്കിൽ സമരത്തിനിറങ്ങുമെന്നാണ് ഉമാഭാരതിയുടെ മുന്നറിയിപ്പ്. ക്ഷേത്ര പരിസരങ്ങളിൽ മദ്യഷാപ്പുകൾ ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.
മധ്യപ്രദേശിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുകയാണെന്നും മദ്യമാണ് പ്രധാന കാരണമെന്നും ബിജെപി മുതിർന്ന നേതാവ് ഉമാഭാരതി പറഞ്ഞിരുന്നു. നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന മദ്യഷോപ്പുകൾ ഗോശാലകളായി മാറ്റണമെന്നും അവർ ആവശ്യപ്പെട്ടു. ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. മധുശാല മേം ഗോശാല പ്രചാരണവും ഉമാ ഭാരതി ആരംഭിച്ചുയ
ശനിയാഴ്ചയാണ് അയോധ്യ നഗറിലെ മദ്യശാലക്ക് സമീപമുള്ള ക്ഷേത്രത്തിൽ എത്തിയത്. മദ്യനയം പ്രഖ്യാപിക്കുന്ന ജനുവരി 31വരെ ക്ഷേത്രത്തിൽ തുടരുമെന്ന് അന്ന് ഉമാഭാരതി പറഞ്ഞു. ഉമാഭാരതിയുടെ സമ്മർദ്ദത്തെ തുടർന്ന് മദ്യനയം പ്രഖ്യാപിക്കുന്നത് നീട്ടിവെച്ചു. തുടർന്നാണ് ഉമാഭാരതി ക്ഷേത്രത്തിൽ നിന്ന് മടങ്ങിയത്. ഓർച്ചയിലെ പ്രശസ്തമായ രാം രാജ സർക്കാർ ക്ഷേത്രത്തിന് സമീപം അനധികൃതമായി മദ്യശാല പ്രവർത്തിക്കുന്നുണ്ടെന്ന് ഉമാഭാരതി ആരോപിച്ചു. ഇനി മദ്യനയത്തിന് കാത്തുനിൽക്കില്ല. നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന മദ്യശാലകൾ ഗോശാലകളാക്കി മാറ്റുമെന്നും അവർ സർക്കാറിന് മുന്നറിയിപ്പ് നൽകി. നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന മദ്യശാലകൾക്ക് മുന്നിൽ 11 പശുക്കളെ കൊണ്ടുവരാനും മുൻ മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.