എല്ലാവർക്കും നേത്രാരോഗ്യം ഉറപ്പിക്കാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍. നേത്രാരോഗ്യത്തിനായി ബജറ്റിൽ അമ്പത് കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ബജറ്റ് അവതരണ വേളയിലാണ് ധനമന്ത്രിയുടെ ഈ പ്രഖ്യാപനം. ‘നേർക്കാഴ്ച’ എന്ന പേരിലാണ് നേത്രാരോഗ്യത്തിനുള്ള ബൃഹത് പദ്ധതി അവതരിപ്പിച്ചത്.
‘എല്ലാവർക്കും നേത്രാരോഗ്യം’ എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും കാഴ്ച പരിശോധനയ്ക്ക് വിധേയമാക്കുന്ന പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ വളന്റിയർമാർ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിപുലമായ ജനകീയ ക്യാംപയിനാണിത്. കാഴ്ച വൈകല്യങ്ങൾ കണ്ടെത്തപ്പെടുന്നവരിൽ സാമ്പത്തിക പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തിൽ സൗജന്യ കണ്ണടകൾ നൽകുമെന്നും മന്ത്രി പറഞ്ഞു. നാല് വർഷം കൊണ്ടാണ് ‘നേര്‍ക്കാഴ്ച’ പദ്ധതി പൂർത്തിയാക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിലൂടെ കാഴ്ച വൈകല്യങ്ങൾ ഉള്ള എല്ലാ വ്യക്തികൾക്കും സൗജന്യ വൈദ്യോപദേശവും മരുന്നുകളും ലഭ്യമാക്കുമെന്നും അദ്ദേഹം പറയുന്നു.