കോഴിക്കോട് ; സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കിയും വികസനം തടഞ്ഞുമുള്ള കേന്ദ്രസർക്കാർ സമീപനത്തിനും ന്യൂനപക്ഷങ്ങൾക്കെതിരെ കേന്ദ്രവും ആർഎസ്‌എസും ഉയർത്തുന്ന ഭീഷണിക്കുമെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ 24ന് ജില്ലയിലെത്തും. 26 വരെ മൂന്നുദിവസമാണ് ജില്ലയിലെ പര്യടനം. 13 മണ്ഡലങ്ങളിലായി 12 ഇടങ്ങളിൽ സ്വീകരണം നൽകും.
24ന് രാവിലെ 10ന് ജില്ലാ അതിർത്തിയായ അടിവാരത്ത് ജാഥയെ സ്വീകരിക്കും. പകൽ 11ന് തിരുവമ്പാടി മണ്ഡലത്തിലെ മുക്കത്താണ് സ്വീകരണം. മൂന്നിന് കൊടുവള്ളി, നാലിന് ബാലുശേരി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം അഞ്ചിന് പേരാമ്പ്രയിൽ ആദ്യദിനത്തിലെ പര്യടനം സമാപിക്കും.
25ന് രാവിലെ 10ന് നാദാപുരത്താണ് ആദ്യ സ്വീകരണം. 11ന് കുറ്റ്യാടി മണ്ഡലത്തിലെ ആയഞ്ചേരിയിലും മൂന്നിന് വടകര കോട്ടപ്പറമ്പിലും നാലിന് കൊയിലാണ്ടിയിലും സ്വീകരണം നൽകും. വൈകിട്ട് അഞ്ചിന് കോഴിക്കോട് ബീച്ചിൽ സമാപിക്കും. ബീച്ചിലെ സ്വീകരണത്തിൽ കോഴിക്കോട് സൗത്ത്, നോർത്ത് മണ്ഡലത്തിലെ പ്രവർത്തകർ പങ്കെടുക്കും.
26ന് രാവിലെ 10ന് എലത്തൂർ മണ്ഡലത്തിലെ കാക്കൂരാണ് ആദ്യ സ്വീകരണം. പകൽ 11ന് കുന്നമംഗലം മണ്ഡലത്തിലെ പൂവാട്ടുപറമ്പും പകൽ മൂന്നിന് ബേപ്പൂർ മണ്ഡലത്തിലെ ഫറോക്കിലുമാണ് സ്വീകരണം. തുടർന്ന് ജാഥ മലപ്പുറം ജില്ലയിൽ പ്രവേശിക്കും.
ബീച്ചിലെ സ്വീകരണത്തിൽ കലാപരിപാടികളും ഉണ്ടാവും. സ്വീകരണം വിജയിപ്പിക്കുന്നതിന് മണ്ഡലംതോറും സ്വാഗതസംഘ രൂപീകരണം നടക്കുകയാണിപ്പോൾ. സ്വീകരണത്തിന്റെ തലേദിവസം പന്തം കൊളുത്തി ജാഥാവിളംബരമുണ്ടാവും.