ദുബൈ: വിവിധ ഒപറേഷനുകളിലായി 111 കിലോ ലഹരി മരുന്നുമായി 28 പേരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് സംഘങ്ങളെയാണ് പൊലീസ് പിടികൂടിയത്. 3.2 കോടി ദിർഹം വില വരുന്ന ലഹരിമരുന്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. 99 കിലോ കാപ്റ്റഗൺ ഗുളിക, 12 കിലോ ക്രിസ്റ്റൽ മെത്, ഹെറോയിൻ, കഞ്ചാവ് എന്നിവയടങ്ങുന്നതാണ് ലഹരിമരുന്ന്. മൂന്ന് ഓപറേഷനുകളിലായാണ് മൂന്ന് ഗാങ്ങുകളെയും വലയിലാക്കിയത്.
ആദ്യ ഓപറേഷനിലാണ് കാപ്റ്റഗൺ പിടികൂടിയത്. ഇത് മാത്രം 3.1 കോടി രൂപ വിലവരും. മുൻകൂട്ടി തയാറാക്കിയ നീക്കം വഴി മൂന്ന് പേരെയാണ് പിടികൂടിയത്. ലഹരി മരുന്ന് വിൽക്കാനുള്ള ശ്രമത്തിനിടയിലാണ് ഇവർ കുടുങ്ങിയത്.
രണ്ടാമത്തെ ഓപ്പറേഷനിൽ ഫോൺ വഴി മയക്കുമരുന്ന് വിൽപനക്ക് ശ്രമിക്കുന്നയാളെ പിടികൂടി. ഇയാളിൽ നിന്ന് 9.7 കിലോഗ്രാം ക്രിസ്റ്റൽ മെത്തും മയക്കുമരുന്ന് നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെത്തി.
മൂന്നാം ഓപറേഷനിലാണ് 23 പേർ കുടുങ്ങിയത്. സാമൂഹിക മാധ്യമങ്ങൾ വഴി ലഹരിമരുന്ന് വിൽക്കുന്നയാളെ തേടിയിറങ്ങിയപ്പോഴാണ് 23 പേർ വലയിലായത്. ഇയാളിൽ നിന്ന് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെയും പിടികൂടിയത്. ഹെറോയിൻ, ക്രിസ്റ്റൽ മിത്ത്, ഹാഷിഷ് എന്നിവയാണ് ഇവരിൽ നിന്ന് പിടിച്ചത്.