മസ്കത്ത്: ഒമാനി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ ഭാഗമായി സൂറിലെ വാനിൽ കേരളത്തിൽനിന്നുള്ള പട്ടങ്ങൾ പാറിപ്പറക്കും. കോഴിക്കോട് സ്വദേശികളായ വൺ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റൻ അബ്ദുല്ല മാളിയേക്കൽ, കേരള കൈറ്റ് ടീം ക്യാപ്റ്റൻ അബ്ബാസ് കളത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് പട്ടം പറപ്പിക്കലും പരിശീലനവും നടത്തുന്നത്. വെള്ളി, ശനി ദിവസങ്ങളിലായി ഉച്ചക്ക് രണ്ടു മുതൽ വൈകീട്ട് ആറു വരെയാണ് പരിപാടി. ‘ഒമാൻ കൈറ്റ്സ്’ ടീമുമായി സഹകരിച്ച് നടത്തുന്ന പരിപാടിയിൽ പട്ടം പറപ്പിക്കലിൽ പരിശീലനവും നൽകും.
റെയിൻബോ സർക്കിൾ, പറക്കുംതളിക, ഗാന്ധിജിയുടെ 150ാം ജന്മദിനാചരണത്തിന്റെ ഭാഗമായുള്ള ലോഗോ പതിച്ച പൈലറ്റ് കൈറ്റ്, ഇന്ത്യയുടെ പതാകയുടെ രൂപത്തിലുള്ള പട്ടം എന്നിവയാണ് സൂറിന്റെ വിഹായസ്സിൽ പറത്തുകയെന്ന് അബ്ദുല്ല മാളിയേക്കൽ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന പട്ടംപറപ്പിക്കൽ മത്സരത്തിലും ഫെസ്റ്റിവലിലും സജീവമായി പങ്കെടുക്കുന്ന ആളാണ് അബ്ദുല്ല. ഫാറൂഖ് കോളജിൽ പഠിക്കവേ പാരാഗ്ലൈഡിങ്ങിന് കിട്ടിയ അവസരമാണ് പട്ടത്തിലേക്ക് കൂടുതൽ ആകർഷിക്കാൻ ഇടവരുത്തിയത്.
ഇതിനിടെ ലോക പട്ടംപറത്തൽ മത്സരം കാണാനായി അബ്ദുല്ലയും സംഘവും മലേഷ്യയിൽ എത്തുകയും ചെയ്തു. ഇവിടെനിന്ന് പരിചയപ്പെട്ട ന്യൂസിലൻഡുകാരനായ പീറ്റർ ലിനനാണ് അവസരങ്ങളുടെ പുതിയ ആകാശം അബ്ദുല്ലക്ക് മുന്നിൽ തുറന്നുകൊടുക്കുന്നത്. ഇതുപിന്നീട് ‘വൺ ഇന്ത്യ കൈറ്റ് ടീം’ എന്ന സംഘടനയുടെ രൂപവത്കരത്തിലേക്ക് എത്തിച്ചു. ഇന്ത്യയിലുടനീളമായി 150ഓളം അംഗങ്ങളാണ് സംഘടനയിലുള്ളത്. ഭൂരിഭാഗം പേരും കേരളത്തിൽനിന്നുള്ളവരാണെന്ന് അബ്ദുല്ല പറഞ്ഞു. 2013ൽ ചൈനയിൽ നടന്ന ലോക പട്ടംപറത്തൽ മത്സരത്തിൽ ഒന്നാംസ്ഥാനം അബ്ദുല്ല നേടിയിരുന്നു. പരമ്പരാഗത വിഭാഗത്തിൽ കഥകളിപ്പട്ടത്തിനായിരുന്നു ഒന്നാംസ്ഥാനം ലഭിച്ചത്.
ഒന്നരപ്പതിറ്റാണ്ടിലേറെയായി പട്ടംപറത്തൽ മേഖലയിൽ പ്രവർത്തിക്കുന്നു. കുവൈത്ത് ഒഴികെയുള്ള ജി.സി.സി രാജ്യങ്ങളിൽ പട്ടംപറത്തലുമായി ഇദ്ദേഹം എത്തിയിട്ടുണ്ട്. വിശാലമായ ബീച്ചുകളുള്ള സുൽത്താനേറ്റിൽ പട്ടം പറത്തൽ വിനോദത്തിന് മികച്ച സാധ്യതയാണുള്ളതെന്ന് അബ്ദുല്ല പറഞ്ഞു. ഇന്നു മുതൽ 19 വരെ തെക്കൻ ശർഖിയയിലെ സൂർ വിലായത്തിലാണ് മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ നടക്കുന്നത്. ഒമാൻ ഇന്ത്യ ഫെർട്ടിലൈസർ കമ്പനി (ഒമിഫ്കോ), ഒമാൻ എൽ.എൻ.ജി കമ്പനി എന്നിവയുടെ പിന്തുണയോടെ പൈതൃക ടൂറിസം മന്ത്രാലയമാണ് പരിപാടി നടത്തുന്നത്. വാണിജ്യപരവും ചരിത്രപരവുമായ കേന്ദ്രമെന്ന നിലയിലും നൂറ്റാണ്ടുകളായി കപ്പൽ നിർമാണവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന പ്രദേശമെന്ന നിലയിലും സൂർ വിലായത്തിന്റെ ചരിത്രപരവും വർത്തമാനകാലവുമായ പങ്ക് എടുത്തുകാണിക്കുകയാണ് ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നത്.