ന്യൂഡല്‍ഹി ∙ കോഴിക്കോട്ടെ ഉഷ സ്കൂള്‍ ഓഫ് അത്‌ലറ്റിക്സിന്‍റെ ഭൂമിയില്‍ അതിക്രമമെന്ന പരാതിയുമായി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റും എംപിയുമായ പി.ടി.ഉഷ. പഞ്ചായത്ത് അനുമതിയോടെ അനധികൃത നിര്‍മാണം നടക്കുന്നു. വനിതാ താരങ്ങളുടെ സുരക്ഷയ്ക്കു ഭീഷണിയുണ്ട്. താന്‍ എംപി ആയപ്പോള്‍ ഉപദ്രവം കൂടി. തനിക്ക് ഒരു പാര്‍ട്ടിയുമായും ബന്ധമില്ല. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും ഉഷ മാധ്യമങ്ങളോടു പറഞ്ഞു. കോഴിക്കോട് ബാലുശേരി കിനാലൂരില്‍ ഉഷ സ്കൂള്‍ ഓഫ് അത്‌ലറ്റിക്‌സിനു സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്താണ് അനധികൃത നിര്‍മാണം എന്നാണ് ആരോപണം. പനങ്ങാട് പഞ്ചായത്തിന്റെ അനുമതിയോടെയാണ് നിര്‍മാണമെന്നും ഇത് വിദ്യാര്‍ഥികള്‍ക്കു സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും ഉഷ പറയുന്നു. 25 പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമാണിത്. ഹോസ്റ്റല്‍, സിന്തറ്റിക്ക് ട്രാക്ക്, മള്‍ട്ടി ജി എന്നിവയെല്ലാം ഇവിടെയുണ്ട്.