പത്തനംതിട്ട:പാർട്ടി പുന:സംഘടനയെ ചൊല്ലി പത്തനംതിട്ട കോൺഗ്രസിൽ ഭിന്നത രൂക്ഷം. ഭാരവാഹി പട്ടിക തയ്യാറാക്കാൻ ചേർന്ന പുനസംഘടന കമ്മിറ്റിയിൽ നിന്ന് മൂന്ന് മുൻ ഡിസിസി പ്രസിഡന്‍റുമാര്‍ ഇറങ്ങി പോയി. മുതിർന്ന നേതാവ് പി ജെ കുര്യനെതിരെയും യോഗത്തിൽ വിമർശനങ്ങൾ ഉയർന്നു.പുന:സംഘടന നടപടികൾക്ക് തുടക്കം കുറിക്കുമ്പോള്‍ തന്നെ കല്ലുകടിയാണ് പത്തനംതിട്ട കോൺഗ്രസിൽ. ഇന്ന് ചേർന്ന പുനസംഘടന കമ്മിറ്റിയില്‍ നേതാക്കൾ തമ്മില്‍ രൂക്ഷമായ വാക്പോരുണ്ടായി. യോഗം തുടങ്ങിയതിന് പിന്നാലെ തന്നെ ഭാരവാഹികളെ നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് തർക്കമുണ്ടായി.
നേതൃത്വത്തോടുള്ള അതൃപിതിയിൽ മാറി നിൽക്കുന്നവരെ കൂടി ഉൾപ്പെടുത്തി പുനസംഘടന നടത്തണമെന്നാണ് മുൻ ഡിസിസി പ്രസിഡന്റുമാരായ കെ ശിവദാസൻ നായർ, പി മോഹൻരാജ്, ബാബു ജോർജ് എന്നിവർ ആവശ്യപ്പെട്ടത്. നിലവിലെ ഡിസിസി പ്രസിഡന്‍റ് സതീഷ്കൊച്ചുപറമ്പിലും കെപിസിസി ജനറൽ സെക്രട്ടറിമാരായ എം എം നസീറും, പഴകുളം മധുവും അടങ്ങിയ നേതൃത്വം ഇത് അംഗീകരിക്കാൻ തയ്യാറായില്ല. ഇതിൽ പ്രതിഷേധിച്ചാണ് ശിവദാസൻ നായരും, പി മോഹൻരാജും, ബാബു ജോർജും യോഗത്തിൽ നിന്ന് ഇറങ്ങി പോയത്. മൂന്ന് നേതാക്കളും പുനസംഘടനയ്ക്കുള്ള പട്ടികയും നൽകിയില്ല. പിജെ കുര്യനും സതീഷ് കൊച്ചുപറമ്പിലും ചേർന്ന് അർഹത ഇല്ലാത്തവരെ പട്ടികയിൽ കുത്തിനിറയ്ക്കാൻ ശ്രമിക്കുന്നെന്നും ഒരു വിഭാഗം നേതാക്കൾക്ക് പരാതിയുണ്ട്
പത്തനംതിട്ടയിൽ 25 ഡിസിസി ഭാരവാഹികൾ 26 എക്സിക്യൂട്ടീവ് അംഗങ്ങൾ 10 ബ്ലോക്ക് പ്രസിഡന്‍റുമാര്‍ എന്നിങ്ങനെയാണ് പുനസംഘടനയിലൂടെ തെരഞ്ഞെടുക്കേണ്ടത്.പുനസംഘടന കമ്മിറ്റിയിലെ അംഗങ്ങളായ അടൂർ പ്രകാശ്, ആന്‍റോ ആന്റണി, ജോർജ് മാമൻ കൊണ്ടൂർ എന്നിവർ ഭാരവാഹി പട്ടിക നൽകി.തിങ്കളാഴ്ചയാണ് പട്ടിക നൽകാനുള്ള അവസാന ദിവസം