റിയാദ്: സൗദി അറേബ്യയില്‍ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡോക്ടറെ കാണാൻ പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുന്ന കോഴിക്കോട് തൊട്ടിൽപ്പാലം പത്തിരിപ്പാല സ്വദേശി ജോസഫ് (60) ആണ് മരിച്ചത്. ശാരീരികമായ വൈഷ്യമം അനുഭവപ്പെട്ടതിനാൽ ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിൽ ഡോക്ടറെ കാണാൻ പോയപ്പോള്‍ അവിടെവെച്ച് ഹൃദയാഘാതമുണ്ടായി മരണം സംഭവിക്കുകയായിരുന്നു.
27 വർഷമായി റിയാദിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ആറുമാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി വന്നത്. പരേതരായ വർഗീസ്, അന്നമ്മ എന്നിവരാണ് മാതാപിതാക്കൾ. പരേതയായ മോളി ജോസഫാണ് ഭാര്യ. മക്കൾ – ജോജോ ജോസഫ്, ഷെല്ലി മോൾ, ഷൈ മോൾ. മൃതദേഹം നാട്ടിൽ അയക്കുന്നതിനാവശ്യമായ നടപടിക്രമങ്ങൾക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജുനൈദ് താനൂർ എന്നിവർ രംഗത്തുണ്ട്.