‘ലവ് ജിഹാദ്, ലാൻഡ് ജിഹാദ്’ എന്നിവ തടയാൻ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് തീവ്ര ഹിന്ദു വലതുപക്ഷ ഗ്രൂപ്പുകൾ മഹാരാഷ്ട്രയിൽ പ്രക്ഷോഭം ആരംഭിച്ചു. ജനുവരി 29ന് വിവധ സംഘടനകൾ മുംബൈയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ബി.ജെ.പി, ബാലാസാഹെബാഞ്ചി ശിവസേന (ബി.എസ്.എസ്), വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) പോലുള്ള സംഘടനകളുടെ നേതാക്കളും പങ്കെടുത്തു. സകൽ ഹിന്ദു സമാജിന്റെ ബാനറിലായിരുന്നു പ്രതിഷേധ മാർച്ച്.
മഹാരാഷ്ട്രയിലെ നാഗ്പൂർ, അമരാവതി, പൂണെ, വാർധ, ബുൽധാന, ഷിർദി, ശ്രീരാംപൂർ, സതാര തുടങ്ങി 31 സ്ഥലങ്ങളിൽ ഇതുവരെ മാർച്ചുകൾ സംഘടിപ്പിച്ചു. ശ്രദ്ധ വാക്കർ എന്ന 27 വയസുള്ള യുവതിയെ അവരുടെ പങ്കാളിയായ അഫ്താബ് പൂനാവാല ഡൽഹിയിൽ കൊലപ്പെടുത്തിയതാണ് മാർച്ചിനുള്ള പ്രേരണ.
ഫെബ്രുവരി അഞ്ചിന് മുംബൈയിൽ മറ്റൊരു മാർച്ചുകൂടി ഇവർ പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രദ്ധ വാക്കർ കൊലപാതകം പുറത്തുവന്നതിന് പിന്നാലെ മിശ്രവിവാഹങ്ങൾ നിരീക്ഷിക്കാൻ സമിതി രൂപീകരിക്കാൻ മഹാരാഷ്ട്ര സർക്കാരും തീരുമാനിച്ചത് വലിയ കോലാഹലത്തിന് കാരണമായി. മുതിർന്നവരുടെ സമ്മതിദാനാവകാശങ്ങളിലേക്കും സ്വകാര്യ ജീവിതത്തിലേക്കും കടന്നുകയറാൻ സർക്കാർ ശ്രമിക്കുന്നതായി ആരോപണമുയർന്നിരുന്നു. ബി.ജെ.പി എം.എൽ.എ നിതേഷ് റാണെയും ‘ലവ് ജിഹാദിനെതിരെ’ നിയമം വേണമെന്ന ആവശ്യം ഉന്നയിച്ചു.
“സംഘടിത ഗൂഢാലോചനയിൽ നമ്മുടെ പെൺമക്കളെ നമുക്ക് എങ്ങനെ നഷ്ടപ്പെടുന്നു എന്ന് കണക്കിലെടുത്ത് ലവ് ജിഹാദിനെ പ്രതിരോധിക്കാൻ സർക്കാർ കർശന നിയമം കൊണ്ടുവരണം. രാജ്യത്തുടനീളം അത്തരം നിരവധി കേസുകൾ ഉണ്ട്. ഇത്തരം പെൺകുട്ടികളിൽ നിന്ന് രക്ഷിതാക്കളെ അകറ്റുന്നുവെന്ന് ഉറപ്പാക്കുന്ന ബ്രെയിൻ വാഷിംഗ് മെഷിനറി നിലവിലുണ്ട്’’ -വി.എച്ച്.പി ജോയിന്റ് സെക്രട്ടറി ശ്രീരാജ് നായർ കുറ്റപ്പെടുത്തി. ‘ലവ് ജിഹാദ്’ കേസുകൾ കോടതികളിൽ വേഗത്തിൽ തീർപ്പാക്കണമെന്ന് അയാൾ ആവശ്യപ്പെട്ടു.
സർക്കാർ ഭൂമിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന മസ്ജിദുകൾക്കും മദ്രസകൾക്കുമെതിരെ നടപടിയെടുക്കണമെന്നും അയാൾ ആവശ്യപ്പെട്ടു. “ലാൻഡ് ജിഹാദിനെതിരെ ശക്തമായ നിയമം ആവശ്യമാണ്. ഈ അനധികൃത നിർമ്മാണങ്ങൾ പൊളിക്കണം. മുൻകാലങ്ങളിൽ ഭീകരാക്രമണങ്ങൾ നേരിട്ട മുംബൈയുടെ സുരക്ഷക്ക് ഇത് ഭീഷണിയാണ്” -ശ്രീരാജ് നായർ അവകാശപ്പെട്ടു.