കൊച്ചി: ആരോഗ്യ സേവനങ്ങള്‍ എല്ലാവര്‍ക്കുമെത്തിക്കുന്നതിലുള്ള വിടവുകള്‍ നികത്തുന്നതില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന വിഭാഗമാണ് ആശ പ്രവര്‍ത്തകരെന്ന് കലക്ടര്‍ ഡോ. രേണു രാജ്. കളമശേരി രാജഗിരി കോളജ് ക്യാമ്പസില്‍ സംഘടിപ്പിച്ച ആശ ഫെസ്റ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
എല്ലാ രോഗികള്‍ക്കും നേരിട്ട് ആശുപത്രിയിലെത്തി ചികിത്സ തേടി തിരിച്ചുപോകുക സാധ്യമല്ല. സാമ്പത്തിക പ്രശ്‌നങ്ങള്‍, അറിവില്ലായ്മ, വീട്ടിലെ സാഹചര്യം, ദൂരക്കൂടുതല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ മൂലം പലരും രോഗം തിരിച്ചറിയാന്‍ കഴിയാതെ പോകുന്നുണ്ട്. വീട്ടിലെ തിരക്ക് മൂലം ചികിത്സ ലഭിക്കാത്തവരുമുണ്ട്. സ്ത്രീകളും കുട്ടികളുമാണ് ഇതിലധികവും. ചെറിയ അസുഖങ്ങള്‍ക്ക് ആശുപത്രിയില്‍ പോകാന്‍ ശ്രമിക്കാത്തവരുണ്ട്. ഇത്തരത്തിലുള്ള വിടവ് നികത്താനും അവരിലേക്ക് ആരോഗ്യപ്രവര്‍ത്തനം എത്തിക്കാനും ഇന്ന് നിലവിലുള്ള ഏറ്റവും ശക്തമായ സംവിധാനമാണ് ആശ പ്രവര്‍ത്തകര്‍.
സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം ഉറപ്പുവരുത്താനും രോഗങ്ങള്‍ കണ്ടെത്താനും കൂടുതല്‍ ചികിത്സ ആവശ്യമുള്ളവരെ ആശുപത്രിയിലേക്ക് എത്തിക്കാനുമായാണ് ഈ സംവിധാനം ആരംഭിച്ചത്. പോഷകാഹാരത്തെക്കുറിച്ച് ബോധ്യപ്പെടുത്താനും കുട്ടികള്‍ക്ക് ഫുഡ് സപ്ലിമെന്റുകള്‍ നല്‍കാനും വാക്‌സിനേഷന്‍ ഉറപ്പുവരുത്താനും ആശമാര്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ ഇന്ന് എന്ത് ജോലി ഏല്‍പ്പിച്ചാലും ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാന്‍ ആശ പ്രവര്‍ത്തകര്‍ക്ക് കഴിയുന്നു.
ലോക ക്യാന്‍സര്‍ ദിനം കൂടിയാണ് ഫെബ്രുവരി നാല്. ക്ലോസ് ദ കെയര്‍ ഗ്യാപ് അഥവ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള പരിചരണത്തിന്റെ വിടവ് നികത്തുക എന്നതാണ് ഇത്തവണത്തെ ക്യാന്‍സര്‍ ദിന സന്ദേശം. ഈ സന്ദേശം ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന വിഭാഗമാണ് ആശ പ്രവര്‍ത്തകരെന്നും കലക്ടര്‍ പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു.
ആശ പ്രവര്‍ത്തകര്‍ പങ്കെടുത്ത വിവിധ മത്സരങ്ങള്‍ ഫെസ്റ്റില്‍ നടന്നു. ക്യാന്‍സര്‍ ദിനത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ് തയാറാക്കിയ പോസ്റ്റര്‍ പ്രകാശനം കലക്ടര്‍ നിര്‍വഹിച്ചു. പോസ്റ്റര്‍ രചനാ മത്സരവും സംഘടിപ്പിച്ചു.