തിരുവനന്തപുരം: ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിച്ച് ഇന്ത്യയെന്ന ആശയത്തെ തിരികെ കൊണ്ടുവരാനാണ് ഇടതുപക്ഷത്തിന്റെ ശ്രമമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യത്തെ ഇടത് രാഷ്‌ട്രീയം എങ്ങിനെ രൂപപ്പെടുത്തിയെടുക്കുന്നു എന്ന വിഷയത്തിൽ മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിക്കെതിരെ എല്ലാ രാഷ്‌ട്രീയപാർട്ടികളും ഒന്നിക്കണം. ബിജെപിയുടെ കീഴിൽ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾ നിരന്തരമായ ആക്രമണത്തിന് വിധേയമാകുകയാണ്. രാജ്യത്തിന്റെ മതേതര ജനാധിപത്യസ്വഭാവം പരിരക്ഷിക്കുകയും അവകാശം, നീതി, സ്വാതന്ത്ര്യം എന്നിവ എല്ലാ ജനങ്ങൾക്കും ലഭ്യമാക്കുകയുമാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം. രാജ്യത്തിന്റെ ചരിത്രത്തെ പോലും കേന്ദ്രസർക്കാർ വളച്ചൊടിക്കുകയാണ്. തെറ്റായ ചരിത്രം പാഠപുസ്തകങ്ങളിൽ നിരത്തുന്നു. ഈ തെറ്റായ ബോധം കുത്തി വച്ചാണ് ബിജെപി തെരഞ്ഞെടുപ്പുകൾ ജയിക്കുന്നത്. ജനങ്ങളെ യുക്തിസഹമായി ചിന്തിക്കുന്നത് സമർഥമായി തടഞ്ഞാണ് ഇത് കൈവരിച്ചത്.
പലയിടത്തും തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുകയാണ്. ഉത്തർപ്രദേശിലെ രാംപൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മുസ്ലീം സമുദായങ്ങളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ല. നിരവധി സംസ്ഥാനങ്ങളിൽ ബിജെപിക്കെതിരെ ജനവിധിയുണ്ടായി. എന്നാൽ ഒടുവിൽ സർക്കാർ രൂപീകരിച്ചത് ബിജെപിയാണ്. ജനപ്രതിനിധികളുടെ എണ്ണമല്ല ഒരു പാർട്ടിയുടെ ജനപ്രീതിയുടെ അളവുകോലെന്നും ചോദ്യങ്ങൾക്ക് മറുപടി നൽകവെ യെച്ചൂരി പറഞ്ഞു. ഇടത് ആശയങ്ങൾ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പുതന്നെ നിലവിലുണ്ട്. ഇന്ന് രാജ്യത്ത് നടക്കുന്ന എല്ലാ പ്രക്ഷോഭങ്ങളിലും ഇടത് സ്വാധീനം പ്രകടമാണന്നും അദ്ദേഹം പറഞ്ഞു
കേരളത്തിലുള്ളവർ ഭാഗ്യവാന്മാർ
രാജ്യത്തെല്ലായിടത്തും വിദ്വേഷ പ്രചാരണങ്ങൾ ശക്തമാണെന്നും കേരളത്തിലുള്ളവർ ഭാഗ്യവാന്മാരാണെന്നും യെച്ചൂരി പറഞ്ഞു. കോൺഗ്രസ് ജോഡോ യാത്ര നടത്തിയിട്ട് സിപിഐ എം അതിൽ പങ്കെടുക്കണമെന്ന് പറയുന്നതിൽ എന്ത് യുക്തിയാണുള്ളതെന്നും യെച്ചൂരി ചോദിച്ചു. യാത്ര തുടങ്ങിയപ്പോൾ മറ്റുള്ളവർ അതിൽ ചേരണമെന്ന് കോൺഗ്രസ് പറഞ്ഞില്ല. ഇന്ത്യയെ പ്രതിരോധിക്കാനുള്ള ഏതൊരു ഉദ്യമത്തെയും ഞങ്ങൾ സ്വാഗതം ചെയ്യുമെന്നും യെച്ചൂരി പറഞ്ഞു.