വാഷിങ്ടൻ ∙ യുഎസിന്റെ ആകാശത്തേക്കു വഴിതെറ്റി പറന്നതെന്ന് ചൈന അവകാശപ്പെടുന്ന ബലൂൺ കാരലൈന തീരത്ത് യുഎസ് പോർവിമാനങ്ങൾ വെടിവച്ചിട്ടു. ബലൂൺ അറ്റ്‌ലാന്റിക് സമുദ്രത്തിനു മുകളിലെത്തിയപ്പോഴാണ് വെടിവച്ചുവീഴ്ത്തിയത്. വെടിവച്ചു വീഴ്‌ത്താൻ പ്രസിഡന്റ് ബൈഡൻ അനുമതി നൽകിയതിനു പിന്നാലെ അറ്റ്ലാന്റിക് സമുദ്രത്തിന്റെ 100 ചതുരശ്രകിലോമീറ്റർ പരിധിയിലുള്ള വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസ് റദ്ദാക്കിയിരുന്നു. കടലിൽ വീണ ബലൂണിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് പരിശോധിക്കാനാണ് യുഎസ് പ്രതിരോധവകുപ്പിന്റെ തീരുമാനം.
മൂന്നു സ്കൂൾ ബസുകളുടെ വലുപ്പമുള്ള, 60,000 അടി ഉയരത്തിൽ പറക്കുന്ന ബലൂൺ ജനവാസമേഖലയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കെ വെടിവച്ചു താഴെയിട്ടാൽ അവശിഷ്ടങ്ങൾ പതിച്ച് അപകടമുണ്ടായേക്കുമെന്നതിനാൽ യുഎസ് പ്രതിരോധവകുപ്പ് ബലൂൺ പറക്കാൻ അനുവദിക്കുകയായിരുന്നു.
അതേ സമയം, യുഎസ് വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിനു മുൻപ് തന്നെ ബലൂണിനെപ്പറ്റി ബൈഡന് അറിവുണ്ടായിരുന്നെന്നും അക്കാര്യം അദ്ദേഹം ജനങ്ങളിൽ നിന്ന് മറച്ചുവച്ചെന്നും ആരോപണമുയർന്നു. സുപ്രധാന ഔദ്യോഗിക സന്ദർശനത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വെള്ളിയാഴ്ച ബെയ്ജിങ്ങിലേക്കു പുറപ്പെടാനിരിക്കെയാണ് ബലൂൺ വാർത്തകൾ പുറത്തുവന്നതും യാത്ര റദ്ദാക്കിയതും.
ഇതിനിടെ, യുഎസിൽ പറക്കുന്നതിനു സമാനമായ മറ്റൊരു ബലൂൺ അയൽ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലും കണ്ടെത്തി. കോസ്റ്ററിക്കയിലും വെനസ്വേലയിലും ബലൂൺ കണ്ടതായി റിപ്പോർട്ടുകളുണ്ട്. യുഎസിലേക്കു പറന്നെത്തുന്ന തരത്തിലല്ല ഈ ബലൂണിന്റെ നിലവിലെ സഞ്ചാരപാതയെന്ന് ‘സിഎൻഎൻ’ റിപ്പോർട്ട് ചെയ്തു.